ന്യൂഡൽഹി: വരുന്ന മൂന്ന് മാസം മൻ കി ബാത് പ്രക്ഷേപണം ചെയ്യുകയില്ലെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയുടെ 110-ാം പതിപ്പിലൂടെയായിരുന്നു മോദി ഇക്കാര്യം അറിയിച്ചത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണിത്.
മൻ കി ബാത്തിന് ഇടവേള വന്നാലും നമ്മുടെ രാജ്യം സ്വായത്തമാക്കുന്ന നേട്ടങ്ങൾക്ക് തടസമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. സമൂഹത്തിലുണ്ടാകുന്ന ഓരോ നല്ല കാര്യങ്ങളും നമ്മുടെ നേട്ടങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കണമെന്നും Mann Ki Baat എന്ന ഹാഷ്ടാഗ് നൽകണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
2014 ഒക്ടോബർ മൂന്നിനായിരുന്നു മൻ കി ബാത് ആരംഭിച്ചത്. സർക്കാരിന്റെ ക്ഷേമ പദ്ധതികളെക്കുറിച്ച് സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വാഴ്ത്തപ്പെടാതെ പോകുന്ന കഴിവുറ്റവരെക്കുറിച്ച് പരാമർശിക്കുന്നതിനും മൻ കി ബാത്തിലൂടെ കഴിഞ്ഞിരുന്നു.