തിരുവനന്തപുരം: വാർത്താസമ്മേളത്തിൽ എത്താതിരുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശനെ അസഭ്യം പറഞ്ഞ കെ സുധാകരന്റെ പെരുമാറ്റത്തിൽ കോൺഗ്രസിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാർട്ടിക്കുള്ളിലെ പരസ്പര ബഹുമാനം എന്തെന്ന് തെളിയക്കുന്നതാണ് കെപിസിസി അദ്ധ്യക്ഷന്റെ അസഭ്യ പരമാർശമെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു സുരേന്ദ്രന്റെ പരിഹാസം.
കോൺഗ്രസ് അധഃപതിച്ചു. ഈ ലോക്സഭാ തിരഞ്ഞെടുപ്പോട് കൂടി കോൺഗ്രസിന്റെ കഥ കഴിയും. പിന്നീട് എൽഡിഎഫും ബിജെപിയും തമ്മിലുള്ള മത്സരമായിരിക്കും നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ സമരാഗ്നിയുടെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് കൃത്യ സമയത്ത് എത്താതിനാണ് സുധാകരൻ അസഭ്യം പറഞ്ഞത്. മാദ്ധ്യമപ്രവർത്തകർ കാത്തിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സുധാകരൻ അമർഷം പ്രകടിപ്പിച്ചത്.