തിരുവനന്തപുരം; വാട്സ്ആപ്പിൽ വിദേശ നമ്പരുകളിൽ നിന്ന് കോളുകളെത്തിയാൽ എടുക്കരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്. അങ്ങനെ കോൾ അറ്റൻഡ് ചെയ്താൽ വലിയ കെണിയിലാകും വീഴുകയെന്നാണ് പോലീസ് പറയുന്നത്. സൈബർ പോലീസിന്റെ പേരിലാണ് തട്ടിപ്പുകളിലധികവും നടക്കുന്നത്. സ്ത്രീകളെ കേന്ദ്രീകരിച്ചാണ് പുത്തൻ തട്ടിപ്പ്. നിലവിൽ വടക്കൻ ജില്ലകളിലാണ് തട്ടിപ്പ് വ്യാപകമെങ്കിലും പതിയെ അത് സംസ്ഥാനമൊട്ടാകെ വ്യാപിക്കുന്നുണ്ടെന്നും സംശയമുണ്ട്. നിരവധി സ്ത്രീകൾക്കാണ് ലക്ഷങ്ങളടക്കം നഷ്ടമായത്.
യുവതികളെ വാട്സ്ആപ്പിലൂടെ ബന്ധപ്പെടും. വോയിസ് കോളാകും വരിക. ഒരു തവണ എടുത്തില്ലെങ്കിൽ പല തവണ വിളിക്കും. ഒരിക്കൽ എടുത്താൽ ഇരയെ വീഴ്‌ത്താനുള്ള വല തയാറാക്കും. നിങ്ങളുടെ ഫോൺ നിരീക്ഷണത്തിലാണെന്നും അശ്ലീല വീഡിയോകൾ കാണുന്നതും സൈറ്റുകൾ സന്ദർശിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അറിയിക്കും. ഇര പേടിക്കുന്നുവെന്ന് മനസിലാക്കുന്നതോടെ കുറ്റകൃത്യങ്ങളെയും ശിക്ഷയെയും കുറിച്ച് പറയുന്നതാകും അടുത്ത ഘട്ടം. പിന്നാലെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും വിഷയം മാതാപിതാക്കളെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തും.
അടുത്ത ദിവസങ്ങളിലാകും കേസ് ഒത്തുതീർത്ത് ഒഴിവാക്കാൻ പണം ആവശ്യപ്പെടുന്നത്. ഇതോടെ പലരും പണം നൽകി തലയൂരുകയാണ് പതിവ്. നാണക്കേട് ഭയന്ന് പരാതി നൽകാനും മിക്കവരും മുതിരാറില്ല. ഇത്തരം കോളുകൾ വന്നാൽ പോലീസിന്റെ ടോൾ ഫ്രീ നമ്പറായ 1090ൽ ബന്ധപ്പെടണമെന്നാണ് അവരുടെ നിർദ്ദേശം.















