സൗന്ദര്യബോധവും സൗന്ദര്യവസ്തുക്കളുടെ ഉപയോഗവും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് തെളിവുമായി ഇറാൻ. ഏകദേശം 4,000 വർഷം പഴക്കമുള്ള ലിപ്സ്റ്റികിന്റെ കുപ്പിയാണ് ഗവേഷകർ കണ്ടെത്തിയത്. സൗന്ദര്യശാസ്ത്രത്തിന്റെ ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടമാകും പുതിയ കണ്ടെത്തൽ.
ഇന്ന് കാണുംവിധത്തിലുള്ള ലിപ്സ്റ്റിക് കുപ്പിയോ സ്റ്റിക്കോ അല്ല ഇറാനിൽ നിന്നും കണ്ടെടുത്തത്. ചെറിയ മരുന്നുകുപ്പിക്കുള്ളിൽ ചുവപ്പ് ചായം നിറച്ച കുപ്പിയാണ് കണ്ടെടുത്തത്. മർഹാസി നാഗരികതയുടെ കോസ്സമറ്റോളജി സമ്പ്രദായത്തിലേക്കാണ് പുതിയ കണ്ടെത്തൽ വെളിച്ചം വീശുന്നത്. ഇന്നത്തെ കിഴക്കൻ ഇറാനിലാണ് ലിപ്സ്റ്റിക് കുപ്പി കണ്ടെത്തിയത്.
1936-നും ബിസി 1687 കാലഘട്ടത്തിലേത് എന്ന കരുതുന്ന പുരാവസ്തുവാണ് ഗവേഷകർ കണ്ടെടുത്തത്. 2001-ൽ ഇറാനിലെ ഹലീൽ നദിയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള പുരാതന ശ്മശാനങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. ഈ സമയത്താണ് ലിപ്സ്റ്റിക് അടങ്ങിയ കുപ്പി പൊങ്ങി വന്നത്. ഇത് പിന്നീട് ജിറോഫ്റ്റിലെ പുരാവസ്തു മ്യൂസിയത്തിൽ സൂക്ഷിച്ചു. പൊടി നീക്കി കണ്ടെയ്നർ തുറന്നതോടെയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ലിപ്സ്റ്റിക് കണ്ടെത്തിയത്. തുടർന്ന് ഇത് രാസപരിശോധനയ്‌ക്ക് വിധേയമാക്കി. ഹെമറ്റൈറ്റ്, മാംഗനൈറ്റ്, ബ്രൗണൈറ്റ്, ഗലീന, ആംഗിൾസൈറ്റ്, സസ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള മെഴുക് എന്നിവ ഉപയോഗിച്ചാണ് ലിപ്സ്റ്റിക് ആയി ഉപയോഗിക്കുന്ന ചായം നിർമ്മിച്ചിരിക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തി. പുതിയ കാലത്തെ ലിപ്സ്റ്റിക്കുകളുടെ നിർമ്മാണത്തിലും ഇതിൽ കണ്ടെത്തിയ പല രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്.
പച്ചകലർന്ന ക്ലോറൈറ്റ് ഉപയോഗിച്ചാണ് ചായം നിറച്ച കുപ്പി നിർമ്മിച്ചിരിക്കുന്നത്. പുരാതന ജിറോഫ്റ്റ് സംസാരകാരവുമായി സാമ്യം പുലർത്തുന്നതാണ് കുപ്പിയുടെ പുറത്തെ ചിത്രപ്പണികൾ. കുപ്പിയുടെ വലിപ്പവും ആകൃതിയും ഇതേ കാലഘട്ടത്തിലെ മറ്റ് കോസ്മെറ്റിക് കുപ്പികളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു എന്നതും ശ്രദ്ധേയമാണ്. അന്ന് ഈ ലിപ്സ്റ്റികിന് മണം ഉണ്ടായിരുന്നുവെന്നും ഗവേഷകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കാരണം കണ്ടെത്തിയ ചായത്തിൽ നാരുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പ്രാചീന കാലത്ത് സുഗന്ധം ഉത്പാദിപ്പിക്കാനായി ചില നാരുകൾ ഉപയോഗിച്ചിരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് ആരാണ് ഉപയോഗിച്ചിരുന്നത് എന്നത് സംബന്ധിച്ച് വിവരങ്ങൾ അവ്യക്തമായി തുടരുകയാണെന്ന് ഇറാൻ ഗവേഷകർ പറയുന്നു.















