കൊല്ലം: സംസ്ഥാന വ്യാപക ലഹരിവിരുദ്ധ ക്യാംപയിനായ ‘ഓപ്പറേഷന് തണ്ടറി’ന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ എക്സൈസിന്റെ പിടിയിലായി. ഇരവിപുരം സ്വദേശിയായ ടിന്റു സേവ്യറിനെയാണ് കൊല്ലം എക്സൈസ് അറസ്റ്റ് ചെയ്തത്. കൊല്ലം എക്സൈസ് ഇന്‍സ്പെക്ടര്‍ പി. ശങ്കരന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് വന്‍തോതിലുള്ള ഗുളികകള്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്തവയില്‍ തൈഡോള്, നൈട്രാസെപാം വിഭാഗത്തില്‍പ്പെടുന്ന മരുന്നുകളാണുള്ളത്.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ വില്ക്കാന് നിയമപരമായി അനുമതിയില്ലാത്ത ഈ മരുന്നുകള്‍ ലഹരിക്കായി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നവയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വന്‍തോതില്‍ ഗുളികകള്‍ വാങ്ങി കേരളത്തിലെത്തിച്ച് ഉയര്‍ന്ന വിലയ്ക്ക് വില്‍പ്പന നടത്തുകയായിരുന്നു പ്രതിയെന്ന് എക്സൈസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ലഹരി ഗുളികകളുടെ വിതരണ ശൃംഖലയെക്കുറിച്ചും പ്രതിയുമായി ബന്ധപ്പെട്ട മറ്റ് കണ്ണികളെക്കുറിച്ചും വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും എക്സൈസ് അറിയിച്ചു.















