തിരുവവന്തപുരം: പൂക്കോട് വെറ്ററിനറി കേളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്‌ഐയ്‌ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. എസ്എഫ്‌ഐ പ്രവർത്തകരുടെ ക്രൂരമായ മർദ്ദനത്തെ തുടർന്നുണ്ടായ മാനസികസമ്മർദ്ദമാണ് സിദ്ധാർത്ഥിന്റെ മരണത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. മരണം പൂഴ്ത്തി വയ്‌ക്കാൻ എസ്എഫ്‌ഐയും സിപിഎമ്മും ശ്രമിക്കുകയാണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
” എസ്എഫ്‌ഐ യൂണിയൻ ചെയർമാന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചത്. മരണം പൂഴ്‌ത്തിവയ്‌ക്കാനാണ് ഇപ്പോൾ സിപിഎം ശ്രമിക്കുന്നത്. ടി.പി ചന്ദ്രശേഖരന്റെ അവസ്ഥ ഇനിയാർക്കും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ. എന്നാൽ സിദ്ധാർത്ഥിലൂടെ വീണ്ടും സിപിഎം അവരുടെ അജണ്ട നടപ്പിലാക്കി. അതിന് സർക്കാർ കൂട്ട് നിന്നു. ആ കുട്ടിയെ ഇല്ലാതാക്കിവരെ നിയമത്തിന് മുന്നിൽ കൊണ്ടു വന്ന് അർഹിക്കുന്ന ശിക്ഷ നൽകണം”.- വി. മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ആശങ്ക മരപ്പട്ടി മൂത്രമൊഴിക്കുന്നതിലും ഇസ്തിരിയിട്ട വസ്ത്രങ്ങൾ കേടു വരുന്നതിലുമാണ്. മരപ്പട്ടി ആർക്കാണ് കൂട്ട് വരികയെന്നത് നമുക്ക് അറിയാം. കേരളത്തിൽ നടന്ന ദാരുണ സംഭവത്തിന് നേരെ മുഖ്യമന്ത്രി കണ്ണടച്ചിരിക്കുകയാണെന്നും വി. മുരളീധരൻ പറഞ്ഞു. കോളേജ് ഹോസ്റ്റലിൽ ക്രൂര മർദ്ദനമേറ്റ് ഒരു വിദ്യാർത്ഥി കിടക്കുന്ന വിവരം ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല എന്നു കേൾക്കുന്നത് വിശ്വസിക്കാൻ സാധിക്കില്ല. എസ്എഫ്‌ഐ പ്രവർത്തകരുടെ നീച പ്രവർത്തിക്ക് ഹോസ്റ്റൽ അധികൃതരും കോളേജ് അധികൃതരും കൂട്ടു നിന്നുവെന്നാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്. ഇവർക്കെതിരെയും കേസെടുക്കണമെന്ന് വി. മുരളീധരൻ പ്രതികരിച്ചു.















