തിരുവനന്തപുരം: നിയന്ത്രണം വിട്ട പെട്ടിഓട്ടോറിക്ഷയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം.ഓട്ടോ യാത്രികനായിരുന്ന മുഹമ്മദ് ഷിജിൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. പാറശ്ശാല പ്ലാമൂട്ടുകടക്ക് സമീപം കാക്കവിളയിലാണ് അപകടം.
കടക്കുളം ഭാഗത്ത് നിന്ന് പ്ലാമൂട്ടുക്കടയിലേക്ക് അമിത വേഗത്തിലെത്തിയ പെട്ടി ഓട്ടോറിക്ഷയുടെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. കാക്കവിള ഗ്യാസ് ഏജൻസിക്ക് സമീപത്ത് വച്ച് ബസിന് മുന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടകരമായ രീതിയിൽ ഓട്ടോയെത്തുന്നത് ശ്രദ്ധയിൽപ്പെട്ട കെഎസ്ആർടിസി ഡ്രൈവർ വാഹനം വെട്ടിച്ചെങ്കിലും നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിന്റെ മതിൽ ഇടിച്ചു തകർത്തു.അപകട ശബ്ദം കേട്ട് സ്ഥലത്തെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്.