കൊൽക്കത്ത: രഞ്ജി കളിക്കില്ലെന്ന ഇഷാന്റെ നിലപാട് തന്നെ അത്ഭുതപ്പെടുത്തിയതായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ബിസിസിഐയുമായി കരാറിലുള്ള താരം എങ്ങനെയാണ് അത് പറയുന്നതെന്നും അദ്ദേഹം ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചോദിച്ചു. ചെറുപ്പക്കാരായ താരങ്ങളാണ് ശ്രേയസ് അയ്യരും ഇഷാൻ കിഷനും. ദേശീയ ടീമിൽ കളിക്കുന്നതിന് ബിസിസിഐയുമായി കരാറുള്ള താരങ്ങൾ രഞ്ജി കളിക്കാൻ സാധിക്കില്ലെന്ന് പറയുന്നത് എങ്ങനെയാണ്.
മുംബൈ ടീമിനൊപ്പമാണ് ശ്രേയസ് ഇപ്പോഴുള്ളത്. രഞ്ജി ട്രോഫി പോലെ പ്രധാനപ്പെട്ട ടൂർണമെന്റ് കളിക്കില്ലെന്ന് പറയാൻ ഒരു താരത്തിനും കഴിയില്ല. ഞാൻ എന്റെ
കരിയറിന്റെ അവസാന കാലത്ത് പോലും രഞ്ജി കളിച്ചിട്ടുണ്ട്. മാതൃകപരമായ രീതിയിലാണ് ബിസിസിഐ കളിക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ യുവതാരങ്ങളായ യശസ്വി ജയ്‌സ്വാളിന്റെയും ധ്രുവ് ജുറേലിന്റെയും പ്രകടനങ്ങൾ എന്നെ ആകർഷിച്ചു.- ഗാംഗുലി പറഞ്ഞു.
ഇത് ഇഷാൻ കിഷനെ പോലെയുള്ള താരങ്ങൾ കാണേണ്ടതാണ്. നിങ്ങളൊന്നും കളിക്കാൻ തയ്യാറായില്ലെങ്കിലും ഇൗ രാജ്യത്ത് നിരവധി പ്രതിഭകളുണ്ട്. അവർക്ക് കിട്ടുന്ന അവസരങ്ങൾ അവർ കൃത്യമായി ഉപയോഗിക്കും. ജുറേൽ എന്ന പ്രതിഭയിലേക്ക് എന്നെ ആകർഷിക്കാൻ കാരണം സമ്മർദ്ദഘട്ടങ്ങളിൽ പോലും മികച്ച പ്രകടനം നടത്താനുള്ള കഴിവാണ്. ഇന്ത്യയെ സ്വന്തം നാട്ടിൽ തോൽപ്പിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ ജയിക്കുമെന്ന് ഉറപ്പായിരുന്നെന്നും ഗാംഗുലി വ്യക്തമാക്കി.