മുംബൈ: രാജ്യത്ത് മൂന്നാം തവണയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിൽ വരുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. 400 -ലധികം സീറ്റുകൾ നേടിയാകും എൻഡിഎ സർക്കാർ അധികാരത്തിൽ വരിക. തന്റെ ജീവിതം രാഷ്‌ട്രത്തിനായി സമർപ്പിച്ച പ്രധാനമന്ത്രിയുടെ അർപ്പണബോധമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദിവസം പോലും അവധിയെടുക്കാതെയാണ് പ്രധാനമന്ത്രി രാഷ്‌ട്രത്തിനായി പ്രവർത്തിക്കുന്നത്. ഈ പ്രവർത്തനങ്ങളെ രാജ്യത്തെ ജനങ്ങൾ ഇരുകയ്യും നീട്ടിയാണ് പിന്തുണച്ചത്. ഈ പിന്തുണയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിന് കാരണമാകുക. രാജ്യത്ത് 400-ലധികം സീറ്റുകൾ നേടുന്ന എൻഡിഎ സർക്കാർ മഹാരാഷ്‌ട്രയിൽ 45 ലധികം സീറ്റുകൾ നേടും. കഴിഞ്ഞ 50 വർഷത്തിനിടെ സ്വന്തമാക്കാൻ സാധിക്കാത്ത പലനേട്ടങ്ങളും 10 വർഷംകൊണ്ട് രാജ്യം നേടി. എല്ലാ മേഖലകളിലും വികസനമെത്തി, ഇതിന് കാരണം പ്രധാനമന്ത്രിയാണ്.
സംസ്ഥാനത്ത് എൻഡിഎ സർക്കാർ അധികാരത്തിലേറിയത് മുതൽ ഇതുവരെ 24,000 പോലീസുകാരെയാണ് നിയമിച്ചത്. 17,000 ഉദ്യോഗസ്ഥരെ കൂടി നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിമരുന്ന് ഉപയോഗത്തിനെതിരെയും അതിന്റെ വിൽപ്പനയും വിതരണവും തടയാനായും കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രത്യേക നാർക്കോട്ടിക് സെല്ലും ഒരു പ്രത്യേക യൂണിറ്റും രൂപീകരിച്ചിട്ടുണ്ട്. എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ഈ യൂണിറ്റുകൾ ഉണ്ടായിരിക്കും. വരുന്ന മന്ത്രിസഭാ യോഗത്തിൽ ഈ യൂണിറ്റിന് അംഗീകാരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.