ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയിൽ തന്റെ പേര് പ്രഖ്യാപിച്ചതിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി കേന്ദ്ര നേതൃത്വത്തിന് നന്ദി അറിയിക്കുന്നു എന്നും തുടർച്ചയായി തന്നിൽ വിശ്വാസം അർപ്പിക്കുന്ന സാധാരണക്കരായ പാർട്ടി കാര്യകർത്താക്കൾക്ക് മുന്നിൽ തലകുനിച്ച് പ്രണമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ. എക്സിൽ പങ്കുവച്ച് പോസ്റ്റിലാണ് പ്രധാനമന്ത്രി ഇത് പറഞ്ഞത്.
‘ബിജെപി കേന്ദ്ര നേതൃത്വത്തിന് ഞാൻ നന്ദി അറിയിക്കുന്നു. തുടർച്ചയായി എന്നിൽ വിശ്വാസമർപ്പിക്കുന്ന സാധാരണക്കരായ പാർട്ടി കാര്യകർത്താക്കൾക്ക് മുന്നിൽ തലകുനിച്ച് ഞാൻ പ്രണമിക്കുന്നു. മുന്നാം തവണയും കാശിയിലെ എന്റെ സഹോദരി സഹോദരന്മാരെ സേവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 2014-ൽ ഞാൻ കാശിയിലെത്തിയത് സാധാരണക്കാരെ ശക്തിപ്പെടുത്താനും ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ കാശിയെ മികച്ചതാക്കാനായി നിരവധി പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചു. ഈ ശ്രമങ്ങൾ ഇതിലും ശക്തമായി തന്നെ തുടരും. കാശിയിലെ ജനങ്ങളുടെ എനിക്ക് ലഭിച്ച ആശിർവാദങ്ങൾക്ക് പ്രത്യേകമായി നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’ – പ്രധാനമന്ത്രി പറഞ്ഞു.
I thank the @BJP4India leadership and bow to the crores of selfless Party Karyakartas for their constant faith in me. I look forward to serving my sisters and brothers of Kashi for the third time.
In 2014, I went to Kashi with a commitment to fulfil people’s dreams and empower…
— Narendra Modi (@narendramodi) March 2, 2024
വൈകുന്നേരം 6 മണിയോടെയാണ് ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. 150 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ബിജെപി ദേശീയ ജനരൽ സെക്രട്ടറി വിനോദ് താവേദാണ് പാർട്ടി ആസ്ഥാനത്ത് പട്ടിക പ്രസ്താവിച്ചത്. മുൻ വർഷങ്ങളിലെ പോലെ ഒന്നിലധികം മണ്ഡലങ്ങളിൽ നരേന്ദ്രമോദി മത്സരിക്കുന്നില്ല. വാരാണസിയിൽ മാത്രമാണ് അദ്ദേഹം മത്സരിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമേ കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖ മുഖങ്ങളായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മൻസൂഖ് മാണ്ഡവ്യ, സ്മൃതി ഇറാനി എന്നിവരും ആദ്യഘട്ട പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.