തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിൽ മരണപ്പെട്ട കെ.എസ് സിദ്ധാർത്ഥിന്റെ വീട്ടിൽ സുരേഷ് ഗോപി ഇന്ന് സന്ദർശനത്തിനെത്തും. തിരുവനന്തപുരം നെടുമാങ്ങാട്ടെ വീട്ടിലെത്തി മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സന്ദർശിക്കും.
സിദ്ധാർത്ഥിനെ ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അതിക്രൂര മർദ്ദനത്തിന് ഇരയായാണ് സിദ്ധാർത്ഥ് മരണപ്പെട്ടതെന്നാണ് ആൻ്റി റാഗിംഗ് സ്കാഡിന്റെ കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇത് സാധൂകരിച്ചിരുന്നു. മുഖ്യപ്രതിയായ കൊല്ലം സ്വദേശി സിൻജോ ജോൺസൺ അടക്കമുള്ളവരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. കേസിലെ 18 പ്രതികളും ഇതോടെ പിടിയിലായി. അന്വേഷണം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.