മുകേഷ് അംബാനിയുടെ ഇളയമകന് അനന്ത് അംബാനിയുടെയും വ്യവസായി വീരേന്‍ മര്‍ച്ചന്റിന്റെ മകള്‍ രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. മൂന്ന് ദിവസം നീണ്ട പരിപാടിയിൽ പങ്കെടുക്കാൻ ബോളിവുഡ് സിനിമാ ലോകം ഒന്നടങ്കമാണ് ഗുജറാത്തിലെ ജാംനഗറിലെത്തിയത്. ആഘോഷങ്ങളുടെ ചിത്രങ്ങൾ താരങ്ങൾ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ബോളിവുഡിന്റെ താര ജോഡികളായ കിയാര അദ്വാനി- സിദ്ധാർത്ഥ് മൽഹോത്ര ദമ്പതികളുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമ ലോകത്ത് വൈറലാകുന്നത്. സിദ്ധാർത്ഥ് തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചത്.
അനന്ത് അംബാനിയുടെ വിവാഹഘോഷ വേദിയിൽ നിന്നുള്ള ചിത്രങ്ങളാണ് സിദ്ധാർത്ഥ് പങ്കുവച്ചത്. വെള്ള ലഹങ്ക അണിഞ്ഞ് അതീവ സുന്ദരിയായെത്തിയ കിയാരയെ ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രമാണ് സിദ്ധാർത്ഥ് പങ്കുവച്ചത്. ചുവന്ന നിറത്തിലുള്ള കുർത്തയാണ് സിദ്ധാർത്ഥിന്റെ വേഷം. റെഡ് കാർപെറ്റിൽ നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. വിവിധ തരം പൂക്കൾകൊണ്ട് അലങ്കരിച്ചിരിക്കുന്ന വേദിയും ചിത്രത്തിൽ കാണാം.
മൂന്ന് ദിവസം നീണ്ടു നിന്ന പ്രീവെഡ്ഡിംഗ് ആഘോഷ പരിപാടികൾ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ആഘോഷദിനങ്ങൾ താരനിബിഡമായിരുന്നു. പോപ് ഗായിക റിഹാനയുടെ ഗാനങ്ങളായിരുന്നു പരിപാടിയുടെ ആദ്യ ദിവസത്തെ ആകർഷണം. രണ്ടാം ദിനത്തിൽ ബോളിവുഡിലെ താരങ്ങളുടെ മനോഹര നൃത്ത പ്രകടനങ്ങൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടിയിരുന്നു. അംബാനി കുടുംബത്തിന്റെ ജാംനഗറിലുള്ള റിഫൈനറി ടൗണ്‍ഷിപ്പിലാണ് ആഘോഷപരിപാടികള്‍ നടന്നത്.