അരവിന്ദന്റെ അതിഥികൾ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എം മോഹനൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഒരു ജാതി ജാതകം’. വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിൽ നിഖില വിമലാണ് നായിക. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. വിനീത് ശ്രീനിവാസൻ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ടീസർ പങ്കുവച്ചത്.
കോമഡി എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിൽ വൻ താരനിര അണിനിരക്കുന്നുണ്ട്. ആർ ഡി എക്‌സിന് ശേഷം ബാബു ആന്റണിയും ചിത്രത്തിൽ ശ്രദ്ധേയമായൊരു വേഷത്തിൽ എത്തുന്നുണ്ട്. വർണചിത്ര അവതരിപ്പിക്കുന്ന ചിത്രം മഹാ സുബൈറാണ് നിർമ്മിക്കുന്നത്. ജയശങ്കർ എന്നാണ് സിനിമയിൽ വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
വിനീത് ശ്രീനിവാസനൊപ്പം ഒരുകൂട്ടം പുതുമുഖങ്ങളടക്കമുള്ള യുവനായികമാർക്കൊപ്പം ഗായിക സയനോരയും ഒരു ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്. ഇന്ദു തമ്പി, ഹരിത, ചിപ്പി ദേവസി, രജിത മധു, ഹരിത എന്നിവരാണ് മറ്റു നടിമാർ. നിർമ്മൽ പാലാഴി, അമൽ താഹ, മൃദുൽ നായർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധനേടിയിരുന്നു. രാകേഷ് മണ്ടോടി തിരക്കഥ ഒരുക്കിയ ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും.