ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനും ഇൻഡി സഖ്യത്തിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇന്ത്യയിലെ 140 കോടി ജനങ്ങളും മോദിയുടെ കുടുംബമാണെന്നും, അദ്ദേഹത്തിന്റെ മുടിയിൽ തൊടാൻ പോലും ആര്‍ക്കും ധൈര്യമുണ്ടാകില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ സംഘടിപ്പിച്ച നമോ യുവ മഹാസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
” പ്രധാന സേവകൻ എന്ന നിലയിൽ അദ്ദേഹം ഇന്ത്യ എന്ന കുടുംബത്തിന് വേണ്ടിയാണ് പ്രവർത്തിച്ചത്. എന്നാൽ ഇൻഡി മുന്നണിയിലെ പെരുങ്കള്ളൻ പറഞ്ഞത് പ്രധാനമന്ത്രിക്ക് കുടുംബമില്ലെന്നാണ്. എന്നാൽ ഞാൻ ആ വ്യക്തിയോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുകയാണ്. ഞങ്ങളെല്ലാവരും മോദിയുടെ കുടുംബമാണ്. ഈ രാജ്യത്തെ യുവാക്കൾ മോദിയുടെ കുടുംബമാണ്. 140 കോടി ജനങ്ങൾ കുടുംബമായിട്ടുള്ള ആ വ്യക്തിയുടെ ഒരു മുടിയിൽ തൊടാൻ പോലും ആർക്കും കഴിയില്ലെന്നും” സ്മൃതി ഇറാനി പറഞ്ഞു.
ലാലു പ്രസാദ് യാദവിന്റെ അധിക്ഷേപത്തിന് മറുപടിയുമായി പ്രധാനമന്ത്രിയും രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഓരോ പൗരനും തന്റെ കുടുംബാംഗങ്ങളാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കുന്നിക്കുന്നില്ല എന്നതാണ് തന്റെ യോഗ്യതയെന്നും പ്രധാനമന്ത്രി പറഞ്ഞു. പിന്നാലെ അമിത് ഷാ, ജെ പി നദ്ദ, രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, അനുരാഗ് താക്കൂർ, നിതിൻ ഗഡ്കരി തുടങ്ങീ ബിജെപി നേതാക്കളും പ്രവർത്തകരും തങ്ങളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പേരിനൊപ്പം ‘മോദി കാ പരിവാർ’ എന്ന് ഉൾപ്പെടുത്തുകയും ചെയ്തു.















