അത്ഭുതങ്ങൾ നിറഞ്ഞതാണ് ബഹിരാകാശം. ഭൂമിയേക്കാൾ മനോഹരമായ പലതും അവിടെയുണ്ടെന്ന് തോന്നിപ്പോകും വിധത്തിലുള്ള ചിത്രങ്ങളാണ് വിവിധ ബഹിരാകാശ ഏജൻസികൾ പുറത്തുവിടുന്ന ചിത്രങ്ങൾ. ബഹിരാകാശം ഇത്ര മനോഹരമായത് എങ്ങനെയായിരിക്കും? ഇങ്ങനെ ചിന്തിക്കാത്തവർ വിരളമായിരിക്കും. ഇതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ജെയിംസ് വെബ് ദൂരദർശിനി ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ബഹിരാകാശത്തിന്റെ ഇരുണ്ട കാലത്തിന്റെ അന്ത്യത്തെ കുറിച്ച് വ്യക്തമാക്കുന്നത്. പ്രപഞ്ചം രൂപാന്തരപ്പെട്ട കാലത്ത് ഇത്രയധികം ശോഭനമായിരുന്നില്ല. നക്ഷത്രങ്ങളിൽ നിന്ന് പുറപ്പെടുന്ന പ്രകാശകിരണങ്ങളെ കട്ടിയുള്ള വാതകങ്ങൾ തടഞ്ഞ് നിർത്തുകയും കാലങ്ങളോളം ബഹിരാകാശം ഇരുട്ടിലാവുകയും ചെയ്തിട്ടുണ്ട്. പിന്നീട് ബഹിരാകാശം എങ്ങനെ ഇത്ര പ്രകാശപൂരിതമായി മാറി? ഇതാകും അടുത്തതായി ഉയരുന്ന ചോദ്യം. ഇതിനും ശാസ്ത്രലോകം ഉത്തരം കണ്ടെത്തിയിട്ടുണ്ട്.
‘പണ്ടോറസ് ക്ലസ്റ്റർ’ എന്ന് വിളിക്കുന്ന കോസ്മോസിന്റെ ഭാഗത്താണ് ജെയിംസ് വെബ് ദൂരദർശിനി പഠനം നടത്തിയത്. ഒരു കൂട്ടം ഗാലക്സികളുടെ സമൂഹമാണിത്. വളഞ്ഞ തരത്തിൽ കോസ്മിക് ലെൻസ് സൃഷ്ടിക്കുകയും മറുവശത്തുള്ള വസ്തുക്കളെ വലുപ്പമുള്ളതായി ചിത്രീകരിക്കുകയും ചെയ്യുന്നു ഇവിടെ. അതായത്, വെളിച്ചം നേർരേഖയിൽ അല്ല, മറിച്ച് വളവിലൂടെയാണ് സഞ്ചരിക്കുന്നതെന്നാണ് പ്രത്യേകത. ഈ കോസ്മിക് പാതയും ശക്തിയേറിയ ദൂരദർശിനിയും ഉപയോഗിച്ചാണ് പല കണ്ടെത്തലുകളും നടത്തിയിട്ടുള്ളത്.
പ്രകാശം ഭൂമിയിലെത്താൻ കൂടുതൽ സമയമെടുക്കുന്നതിനാൽ തന്നെ കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് രൂപം പ്രാപിച്ച ചെറു ഗാലക്സി സമൂഹത്തെയാണ് ശാസ്ത്രജ്ഞർ നിരീക്ഷിച്ചത്. ഈ കാലയളവിൽ അൾട്രാ വയലറ്റ് രശ്മികളും പുറന്തള്ളി. വർഷങ്ങൾ പിന്നിട്ടതോടെ വാതക മേഘങ്ങളുടെ കട്ടി കുറയ്‌ക്കുന്നതിന് കാരണമായി. പിന്നീട് നക്ഷത്രത്തിന്റെ പ്രകാശം കൂടുതൽ ദൃശ്യമായി തുടങ്ങി. ഇങ്ങനെയാണ് ഇന്ന് കാണുന്ന തരത്തിലുള്ള പ്രകാശമേറിയ ഗാലക്സികളും നക്ഷത്രങ്ങളും അത്ഭുതങ്ങൾ സൃഷ്ടിക്കുന്നത്. നേച്ചർ ജേണലിലാണ് പഠന വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.















