കൊൽക്കത്ത: സന്ദേശ്ഖാലിയിൽ ലൈംഗികാതിക്രമക്കേസിലും, ഭൂമി തട്ടിയെടുക്കൽ കേസിലും പ്രതിയായ തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാനെ സിബിഐ കസ്റ്റഡിയിൽ വിടാൻ വിസമ്മതിച്ച് ബംഗാൾ സർക്കാർ. ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറണമെന്ന് കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇന്നലെ വൈകുന്നേരം 4.30നുള്ളിൽ ഷാജഹാൻ ഷെയ്ഖിനേയും കേസ് സംബന്ധിച്ചുള്ള മുഴുവൻ രേഖകളും സിബിഐക്ക് കൈമാറണമെന്നായിരുന്നു കോടതി ഉത്തരവ്.
ഇത് പ്രകാരം സിബിഐ സംഘം കൊൽക്കത്തയിലെ പൊലീസ് ആസ്ഥാനത്ത് എത്തിയെങ്കിലും ഷാജഹാൻ ഷെയ്ഖിനെ കൈമാറാൻ ഇവർ തയ്യാറായില്ല. തുടർന്ന് 7.30ഓടെ സിബിഐ ഉദ്യോഗസ്ഥർ മടങ്ങിപ്പോവുകയായിരുന്നു. കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും, സുപ്രീംകോടതിയുടെ ഉത്തരവ് വരുന്നത് വരെ ഷെയ്ഖ് ഷാജഹാനെ വിട്ടയയ്‌ക്കാൻ ആകില്ലെന്നുമാണ് പോലീസ് ആസ്ഥാനത്ത് നിന്നും സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചത്.
കേസിൽ അടിയന്തര വാദം കേൾക്കണമെന്ന് ബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, കോടതി ഈ ആവശ്യം തള്ളി. മുതിർന്ന അഭിഭാഷകനായ അഭിഷേക് സിംഗ്വിയാണ് ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായത്. ഷാജഹാനെതിരായ ആരോപണങ്ങളിന്മേൽ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറാൻ നിർദ്ദേശിച്ചത്. സംസ്ഥാനത്തെ പോലീസ് സംവിധാനം പക്ഷപാതപരമായാണ് കേസിൽ ഇടപെടുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.















