രഞ്ജി ട്രോഫി കളിക്കാൻ തയ്യാറാകാത്ത ശ്രേയസ് അയ്യരെയും ഇഷാൻ കിഷനെയും കുത്തി സച്ചിൻ ടെൻഡുൽക്കർ. രഞ്ജി ട്രോഫി ഫൈനലിന് യോഗ്യത നേടിയ മുംബൈയെ പ്രശംസിച്ച് കൊണ്ടുള്ള പോസ്റ്റിലാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ പരോക്ഷ വിമർശനം. ആഭ്യന്തര ടൂർണമെന്റിൽ മുംബൈയെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചിരുന്നപ്പോഴോക്കെ താൻ പങ്കെടുത്തിരുന്നതായി സച്ചിൻ എക്‌സിൽ കുറിച്ചു.
മുംബൈക്കായി കളിക്കാൻ ഇറങ്ങുന്നത് എനിക്കെപ്പോഴും ആവേശമായിരുന്നു. ഏഴോ എട്ടോ ഇന്ത്യൻ താരങ്ങളാണ് മുംബൈയുടെ ഡ്രസിംഗ് റൂമിൽ ഉണ്ടാകുക. അവർക്കൊപ്പം കളിക്കുന്നത് എന്നും രസകരമായ കാര്യമാണ്. താരങ്ങൾ ആഭ്യന്തര ടൂർണമെന്റ് കളിക്കുമ്പോൾ അവർക്ക് പുതിയ അറിവുകൾ ലഭിക്കും. കഴിവും കളിയുടെ നിലവാരം ഉയർത്താനും ഇത് സഹായിക്കും. മികച്ച താരങ്ങളെ കണ്ടെത്താൻ എന്നും ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ് സഹായിച്ചിട്ടുണ്ട്. ദേശീയ താരങ്ങൾക്ക് ക്രിക്കറ്റിലേ അടിസ്ഥാന കാര്യങ്ങൾ പഠിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നു. ദേശീയ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കുമ്പോൾ അവിടെ ടീമുകളെ പിന്തുടരാനും പിന്തുണയ്‌ക്കാനും ആരാധകരെത്തുമെന്നും സച്ചിൻ വ്യക്തമാക്കി.