‘ഐഎൻഎസ് ജടായു’ കമ്മീഷൻ ചെയ്തു; ലക്ഷദ്വീപ് തീരങ്ങളിൽ കണ്ണും കാതുമായി പുതിയ നാവികസേനാ കേന്ദ്രം

Published by
Janam Web Desk

ലക്ഷദ്വീപ്: സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായി ലക്ഷദ്വീപിൽ പുതിയ നാവിക കേന്ദ്രം കമ്മീഷൻ ചെയ്ത് ഇന്ത്യൻ നാവികസേന. ‘ഐഎൻഎസ് ജടായു’ എന്നാണ് പുതിയ നാവികസേനാ കേന്ദ്രത്തിന്റെ പേര്. ലക്ഷദ്വീപിലെ മിനിക്കോയിലാണ് പുതിയ നാവികസേനാ കേന്ദ്രം. പടിഞ്ഞാറൻ അറബിക്കടൽ കേന്ദ്രീകരിച്ച് നടക്കുന്ന കടൽക്കൊള്ള, മയക്കുമരുന്ന് കടത്ത് എന്നിവയ്‌ക്ക് തടയിടുക എന്നതും സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുക എന്നതുമാണ് ലക്ഷ്യം.

പുതിയ നാവികസേനാ കേന്ദ്രം ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കും. കമാൻഡൻ്റ് വ്രത് ബാഗേലിന്റെ നേതൃത്വത്തിലാണ് ഐഎൻഎസ് ജടായു കമ്മീഷൻ ചെയ്തിരിക്കുന്നത്. സീതാ ദേവിയെ തട്ടിക്കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ച രാമായണത്തിലെ ഇതിഹാസ കഥാപാത്രമായ പക്ഷിയുടെ നാമമാണ് പുതിയ സൈനിക കേന്ദ്രത്തിന് നൽകിയിരിക്കുന്നതെന്ന് ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ പറഞ്ഞു.

“പടിഞ്ഞാറൻ കടൽത്തീരത്തെ ഏറ്റവും തെക്കേ അറ്റത്തുള്ള മിനിക്കോയ് ദ്വീപുകളിലാണ് ഐഎൻഎസ് ജടായു ഉള്ളത്. സീതാദേവിയെ തട്ടിക്കൊണ്ടുപോയപ്പോൾ ആദ്യം പ്രതികരിച്ച പക്ഷിയാണ് ജഡായു. തന്റെ ജീവൻ പോലും നോക്കാതെ മുന്നിട്ടിറങ്ങിയ കഥാപാത്രം. അതുപോലെ തന്നെ ഈ പ്രദേശത്ത് എന്ത് ആവശ്യം വന്നാലും ഈ യൂണിറ്റ് ആദ്യം പ്രതികരിക്കും. സുരക്ഷാ നിരീക്ഷണവും നിസ്വാർത്ഥ സേവനവും ഉറപ്പാക്കും”.

“ഈ യൂണിറ്റ് ഇന്ത്യൻ നാവികസേനയ്‌ക്ക് മുഴുവൻ പ്രദേശത്തെക്കുറിച്ചും നാവിക മേഖലയെക്കുറിച്ചുള്ള അവബോധം നൽകും. ആൻഡമാനിലെ കിഴക്ക് ഐഎൻഎസ് ബാസും, പടിഞ്ഞാറ് ഐഎൻഎസ് ജടായുവും നമ്മുടെ ദേശീയ താൽപ്പര്യം സംരക്ഷിക്കാൻ കണ്ണും കാതുമായി വർത്തിക്കും. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഭീകരത, കുറ്റകൃത്യങ്ങൾ, കടൽക്കൊള്ള എന്നിവയ്‌ക്ക് തടയിടും”-ആർ ഹരി കുമാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Share
Leave a Comment