ടോക്കിയോ: ഇന്ത്യയുടെ വികസന മുന്നേറ്റത്തെയും, രാജ്യത്തുണ്ടായ മാറ്റത്തിന്റെ വേഗതയേയും ജപ്പാൻ അഭിനന്ദിക്കുന്നുവെന്നത് ഏറെ പ്രാധാന്യം നൽകുന്ന ഒന്നാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ത്രിദിന സന്ദർശനത്തിനായി ജപ്പാനിലെത്തിയ അദ്ദേഹം ടോക്കിയോയിലെ ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
” ഇന്ത്യയിലുണ്ടാകുന്ന വികസനത്തേയും മാറ്റങ്ങളുടെ വേഗതയേയും ജപ്പാൻ അഭിനന്ദിക്കുന്നുവെന്നത് നിസാരമായ ഒന്നല്ല. ഇത് ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണെന്നാണ് ഞാൻ കരുതുന്നത്. പ്രതിദിനം 28 കിലോമീറ്റർ ഹൈവേ നിർമ്മിക്കുന്ന ഒരു രാജ്യമാണ് ജപ്പാൻ. ഇവിടെ എല്ലാ വർഷവും 8 പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കപ്പെടുന്നു. എല്ലാവർഷവും രണ്ട് പുതിയ ഇടങ്ങളിൽ മെട്രോകൾ സ്ഥാപിക്കുന്നു. വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിക്കൊണ്ട് അതിവേഗത്തിൽ പുതിയ കോളേജുകൾ നിർമ്മിക്കുന്നു. ഇത്തരത്തിൽ അതിവേഗമാണ് അവർ മുന്നേറുന്നത്.
ഇന്ത്യയും ഇന്ന് വളർച്ചയുടെ പാതയിലാണ്. ഇന്ത്യയുടെ ഈ മാറ്റങ്ങളാണ് ഞങ്ങളെ വിശ്വസനീയമായ പങ്കാളിയായി മറ്റുള്ളവർ കാണാൻ കാരണം. രാജ്യത്തെ വികസന മേഖലയിലെ ഓരോ ഘടകങ്ങളേയും ഇത് സ്വാധീനിക്കുന്നുണ്ട്. അറേബ്യൻ ഉപദ്വീപിലൂടെയുള്ള ഇന്ത്യ മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിയും ഈസ്റ്റ് ട്രൈലാറ്ററൽ ഹൈവേയും ഉൾപ്പെടെ നിർമ്മാണം പൂർത്തിയാകുമ്പോൾ ഏഷ്യയിലൂടെ അറ്റ്ലാന്റിക്കിനെ പസഫിക്കിലേക്ക് ബന്ധിപ്പിക്കാനാകും. ഇൗ കണക്ടിവിറ്റിയുടെ ആവശ്യകതയെ കുറിച്ച് ഇന്ത്യയ്ക്കും ജപ്പാനും കൃത്യമായ വീക്ഷണമുണ്ട്. സമുദ്ര സുരക്ഷ ഉൾപ്പെടെ നിർണായക മേഖലകളിൽ ജപ്പാനും ഇന്ത്യയും ഏകോപിപ്പിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും” ജയശങ്കർ പറയുന്നു.