തിരുവനന്തപുരം: നിയമനം കാത്ത് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല സമരം 25 ദിവസം പിന്നിടുമ്പോഴും സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ നീക്കവുമില്ലാത്തതിൽ പ്രതിഷേധിച്ച് സിപിഒ റാങ്ക് ഹോൾഡേഴ്സ് നടത്തിയ റോഡ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു.
സമാധാനപരമായി സമരം ചെയ്തിരുന്ന ഉദ്യോഗാർത്ഥികൾക്കിടയിലേക്ക് ഇരച്ചെത്തിയ പോലീസ് രണ്ട് ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്നവർക്ക് നേരെ ലാത്തി വീശുകയായിരുന്നു. സംഭവത്തിൽ രണ്ട് ഉദ്യോഗാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചർച്ചയ്ക്ക് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഉദ്യോഗാർത്ഥികൾ പല തവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും അധികൃതർ അനുമതി നിഷേധിച്ചു. ഇതിന് പിന്നാലെ 500-ഓളം ഉദ്യോഗാർത്ഥികൾ ഇരുവശത്തെയും റോഡിന് കുറുകെ കിടക്കുകയായിരുന്നു.
ഇടതുപക്ഷ സംഘടനകളിലും പാർട്ടിയിലും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവർ പോലും സമരം ചെയ്യുന്നവരിൽ ഉൾപ്പെടുന്നു. പാർട്ടി പ്രവർത്തകൻ എന്ന നിലയ്ക്ക് തന്നെ നേതൃത്വത്തെ കണ്ടെങ്കിലും യാതൊരു വിധത്തിലുള്ള സഹായവും ലഭിച്ചില്ലെന്ന് ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയംഗവും സിപിഎം ബ്രാഞ്ച് മെമ്പറുമായ ഉദ്യോഗാർത്ഥി തുറന്ന് പറഞ്ഞു. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി നിലവിൽ മോശമാണ്. അതുകൊണ്ട് നിങ്ങളെ ജോലിക്കെടുക്കാൻ സാധിക്കില്ലെന്നാണ് ലഭിച്ച വിശദീകരണം. ഇനി പാർട്ടി മെമ്പർഷിപ് പുതിക്കില്ല. വിശ്വസിക്കുന്ന പാർട്ടിയിൽ നിന്ന് ഇതാണ് നടപടിയെങ്കിൽ പിന്നെന്തിന് പാർട്ടിയുടെ കൂടെ നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ ഭരണവും അഴിമതിയും കൊണ്ട് പെറുതിമുട്ടിയാണ് ഓരോ ദിനവും ഭരണസ്ഥിരാകേന്ദ്രത്തിന് മുൻപിൽ വെയിലേറ്റ് തീർക്കുന്നതെന്ന് മറ്റൊരു ഉദ്യോഗാർത്ഥി പറഞ്ഞു.
ചർച്ചയ്ക്ക് വിളിക്കും വരെ സമരം തുടരുമെന്നും മരിച്ചുവീഴും വരെ സെക്രട്ടറിയേറ്റ് പടിക്കൽ തന്നെ തുടരുമെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. പലരും വളരെ വൈകാരികമായാണ് സമരമുഖത്ത് പ്രത്യക്ഷപ്പെടുന്നത്. വെറും 37 ദിവസം മാത്രമാണ് സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയാൻ ബാക്കിയുള്ളൂ. ചുരുങ്ങിയ സമയത്തിനുള്ളിൽ ജീവിതം തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുവാക്കൾ. കല-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിച്ചുണ്ട്. ഇന്നലെ അഖിൽ മാരാർ ഉദ്യോഗാർത്ഥികൾക്ക് പിന്തുണ അറിയിച്ചെത്തിയിരുന്നു. നവകേരള സദസിൽ നിന്ന് ലഭിച്ച മറുപടി രസീതുമായാരുന്നു ഇന്നലെത്തെ പ്രതിഷേധം.