ന്യൂഡൽഹി: തന്റെ പിതാവ് കരുണാകരൻ നേരിടേണ്ടിവന്ന അതേ അനുഭവമാണ് കോൺഗ്രസിൽ നിന്നും തനിക്ക് ലഭിച്ചതെന്ന് പദ്മജ വേണുഗോപാൽ. പ്രശ്‌നങ്ങൾ പലതവണ നേതൃത്വത്തെ ബോധിപ്പിച്ചു. സോണിയയെ കാണാൻ ശ്രമിച്ചു. കാണാനുളള അനുവാദം പോലും ലഭിച്ചില്ലെന്നും പദ്മജ പറഞ്ഞു. ബിജെപി അംഗത്വം സ്വീകരിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
പാർട്ടിയിൽ നിന്നും കടുത്ത അവഗണനയാണ് തനിക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്തിയ നേതാക്കളെ തന്റെ മണ്ഡലത്തിൽ തന്നെ കോൺഗ്രസ് നിയോഗിച്ചു. സ്ഥലത്ത് പ്രവർത്തിക്കാൻപോലും സാധിച്ചില്ല. രാഷ്‌ട്രീയം തന്നെ ഉപേക്ഷിച്ചാലോയെന്ന് വരെ പലതവണ ചിന്തിച്ചു. കെപിസിസിക്ക് പലതവണ പരാതി നൽകി. എന്നാൽ അത് എത്തിയത് ചവിറ്റുകുട്ടയിലേക്കാണ്. പാർട്ടി വിട്ടത് വളരെ കാലത്തെ തീരുമാനത്തിന് ശേഷമാണെന്നും പദ്മജ പറഞ്ഞു.
മോദിജി ശക്തനായ നേതാവാണ്. അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ താൻ ആകൃഷ്ടയായിരുന്നു. അതുകൂടിയാണ് ബിജെപിയിലേക്ക് തന്നെ എത്തിച്ചത്. തന്നോട് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്നതെല്ലാം മാദ്ധ്യമസൃഷ്ടികളാണ്. കോൺഗ്രസ് പ്രവർത്തകരെ കുറിച്ച് ഓർക്കുമ്പോൾ തനിക്ക് വിഷമമുണ്ട്. അവഗണന സഹിക്കാൻ കഴിയാതെയാണ് പാർട്ടി വിടുന്നത്. പദ്മജ പറഞ്ഞു.
ഇന്ന് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ പദ്മജയ്‌ക്ക് അംഗത്വം നൽകി ബിജെപിയിലേക്ക് സ്വീകരിച്ചു. ബിജെപി വക്താവ് ടോം വടക്കൻ, കേരള സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പദ്മജ ബിജെപി അംഗത്വം സ്വീകരിച്ചത്. നാളെ തിരുവനന്തപുരത്ത് എത്തുന്ന പദ്മജയ്‌ക്ക് ബിജെപി പ്രവർത്തകർ വൻ സ്വീകരണമൊരുക്കും.