ഇന്ത്യൻ സിനിമയിൽ വൻ ചർച്ചയായി മാറുകയാണ് മലയാള സിനിമ. അടുത്ത കാലത്ത് മലയാള സിനിമകളെ പ്രശംസിച്ച് നിരവധിപേർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, മലയാള സിനിമയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ഭ്രമയുഗവും മഞ്ഞുമ്മൽ ബോയ്സും താൻ കണ്ടെന്നും മലയാളത്തിലെ സംവിധായകരോട് തനിക്ക് അസൂയ തോന്നുന്നു എന്നുമാണ് അനുരാഗ് കശ്യപ് കുറിച്ചത്.
രണ്ട് സിനിമയുടെയും മേക്കിംഗിനെക്കുറിച്ചും അനുരാഗ് കശ്യപ് വാനോളം പുകഴ്ത്തുന്നുണ്ട്. മുഖ്യാധാരാ സിനിമയിൽ നിന്നും അങ്ങേയറ്റം ആത്മവിശ്വാസമുള്ള ഗംഭീരമായ ഫിലിം മേക്കിംഗ്. അത്രയ്ക്കും ആത്മവിശ്വസമുള്ളവരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. അസാധ്യമെന്ന് തോന്നുന്ന രീതിയിലാണ് കഥ പറയുന്നത്. എങ്ങനെയാണ് നിർമ്മാതാവിന് മുന്നിൽ കഥ പറഞ്ഞ് സമ്മതം നേടിയതെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. ബോളിവുഡിൽ ആണെങ്കിൽ ഇത്തരത്തിലുള്ള സിനിമകളെ റീ മേക്ക് ചെയ്യാൻ മാത്രമേ സാധിക്കുകയുള്ളൂ. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ മൂന്ന് സിനിമകൾ നോക്കുമ്പോൾ ഹിന്ദി സിനിമ ഒരുപാട് പിന്നിലാണെന്നുമാണ് അനുരാഗ് കുറിച്ചത്.
മലയാളത്തിലെ സംവിധായകരോട് എനിക്ക് അസൂയ തോന്നുകയാണ്. അവരുടെ ധൈര്യം, സാഹസികത എല്ലാം പ്രശംസിക്കണം. കാര്യങ്ങളെ നന്നായി മനസ്സിലാക്കാൻ സാധിക്കുന്ന ഗംഭീര പ്രേക്ഷകരുമാണ് മലയാളത്തിലെ ഫിലിംമേക്കിംഗിനെ സഹായിക്കുന്നത്. ഇവരോടൊക്കെ അങ്ങേറ്റം അസൂയ തോന്നുകയാണ്. മമ്മൂട്ടി ഭ്രമയുഗത്തിൽ എന്താണ് ചെയ്തിരിക്കുന്നതെന്നും അനുരാഗ് കശ്യപ് പറഞ്ഞു.