ദളിതരും പാവപ്പെട്ടവരും കോൺഗ്രസിന് വോട്ടിനായുള്ള വെറും ഉപകരണങ്ങൾ മാത്രം; ബിജെപിക്ക് അവർ സ്വന്തം കുടുംബം: ജെ പി നദ്ദ

Published by
Janam Web Desk

ന്യൂഡൽഹി: ഇൻഡി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. കോൺഗ്രസും ഇൻഡി സഖ്യവും സ്വന്തം കുടുംബത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നവരാണെന്ന് അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കോൺഗ്രസിന് പിന്നാക്ക വിഭാഗക്കാരെയും പാവപ്പെട്ടവരെയും സ്വന്തം കുടുംബത്തെ പോലെ കാണാൻ സാധിക്കില്ലെന്നും ദളിതരെ ഇവർ വോട്ടിനായി മാത്രം ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ആഗ്രയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം സാധാരണക്കാരും പാവപ്പെട്ടവരുമെല്ലാം വോട്ടിനായുള്ള കേവലം ഉപകരണങ്ങൾ മാത്രമാണ്. അവർക്കൊരിക്കലും ജനങ്ങളെ സ്വന്തമായി കാണാൻ സാധിക്കില്ല. എന്നും അവരവരുടെ കുടുംബം മാത്രം മുൻപന്തിയിൽ വരണമെന്നും അവരുടെ ഭാവി സുരക്ഷിതമാകണമെന്നും വിചാരിക്കുന്നവരാണ്. സോണിയ- രാഹുൽ, കരുണാനിധി സ്റ്റാലിൻ- ഉദയനിധി സ്റ്റാലിൻ, ശരദ് പവാർ വിഭാഗം ഇവരെല്ലാം ഈ പറഞ്ഞതിന് ഉദാഹരണങ്ങളാണ്.”- ജെ പി നദ്ദ പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ദീർഘകാലം കോൺഗ്രസ് രാജ്യത്ത് ഭരിച്ചു. എന്താണ് അവർ ജനങ്ങൾക്ക് വേണ്ടി ചെയ്തതെന്നും എന്ത് വികസനമാണ് രാജ്യത്ത് കൊണ്ടുവന്നതെന്നും ജെ പി നദ്ദ ചോദിച്ചു. കോൺഗ്രസിന്റെ ചിന്താഗതികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ബിജെപിയുടേത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയാൻ ധൈര്യം കാണിച്ച അദ്ദേഹം രാജ്യത്ത് നിന്നും തീവ്രവാദം തുടച്ചു നീക്കാൻ പ്രയത്‌നിക്കുന്നു. അഴിമതിക്കെതിരെ പ്രതികരിക്കുന്നു. ദളിതരെയും പാവപ്പെട്ടവരെയും കൈപിടിച്ച് മുൻനിരയിലേക്ക് എത്തിച്ചതും പ്രധാനമന്ത്രി നേരേന്ദ്രമോദിയാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഭാരതത്തിൽ വന്ന വികസനങ്ങളും മാറ്റങ്ങളും നിരവധിയാണെന്നും 2047ഓടെ വികസിത ഭാരതമെന്ന സ്വപ്‌നം നിറവേറുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ മുദ്രാവാക്യങ്ങൾ എപ്പോഴും ഭിന്നിപ്പുണ്ടാക്കുന്നതാണ്. എന്നാൽ ബിജെപി എല്ലാവരെയും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു. സബ് കാ സാത്ത്, സബ് കാ വികാസ്, സബ് കാ വിശ്വാസ് എന്നതാണ് ബിജെപിയുടെ മുദ്രാവാക്യം. ഞങ്ങൾ ആരെയും മാറ്റി നിർത്തില്ല. ഇന്ത്യൻ ഭരണഘടനാ ശിൽപി ബി ആർ അംബേദ്ക്കറിനെ പോലും മാറ്റി നിർത്തിയവരാണ് കോൺഗ്രസുകാർ. അദ്ദേഹത്തിന് ഭാരതരത്‌ന നൽകാതെ സ്വന്തമായി തനിക്ക് ഭാരതരത്‌ന നൽകിയ വ്യക്തിയാണ് ജവഹർലാൽ നെഹ്‌റു. എന്നാൽ ബിജെപി എല്ലാവരെയും പരിഗണിക്കുന്നതിന് മുൻതൂക്കം നൽകുന്നവരാണെന്നും അതിനാണ് കഴിഞ്ഞ 10 വർഷം രാജ്യം സാക്ഷ്യം വഹിച്ചതെന്നും ജെ പി നദ്ദ വ്യക്തമാക്കി.

Share
Leave a Comment