കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കും കുട്ടികൾക്കും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ താലിബാൻ പിൻവലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറലിന്റെ അഫ്ഗാനിലെ പ്രത്യേക പ്രതിനിധി റോസ ഒതുൻബയേവ. ഇത്തരത്തിൽ അപക്വമായ രീതിയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എത്രത്തോളം തുടരുന്നുവോ, അത്രത്തോളം നഷ്ടങ്ങളും തുടരുമെന്നും ഒതുൻബയേവ പറയുന്നു.
യുഎൻ സുരക്ഷാ കൗൺസിൽ യോഗം അവസാനിച്ചതിന് ശേഷമാണ് അഫ്ഗാനിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ച് ഒതുൻബയേവ മാദ്ധ്യമങ്ങളോട് സംസാരിച്ചത്. ” അഫ്ഗാനിൽ പല സ്ത്രീകളും പൊതുഇടങ്ങളിലൂടെ സഞ്ചരിക്കാൻ ഇന്ന് ഭയപ്പെടുകയാണ്. ഈ നിയന്ത്രണങ്ങൾ എത്ര നാളുകൾ തുടരുന്നുവോ, അത്രത്തോളം നഷ്ടങ്ങളും സംഭവിച്ചു കൊണ്ടിരിക്കും. വലിയ രീതിയിലുള്ള ദുരിതങ്ങളാണ് സ്ത്രീകൾ അവിടെ അനുഭവിക്കുന്നത്. സ്വതന്ത്രമായ ജീവിതം എന്നത് സാധ്യമല്ലാത്ത സാഹചര്യമാണ് അവിടെ.
ഹിജാബിന്റെ പേരിലും സ്ത്രീകൾ അടിച്ചമർത്തപ്പെടുകയാണ്. ശരിയായ രീതിയിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് സ്ത്രീകളെ അന്യായമായി തടങ്കലിൽ പാർപ്പിക്കുന്നു. ജോലി ചെയ്യുന്നതിനും അവർക്ക് മുന്നിൽ വിലക്കുകളാണ് ഉള്ളത്. സ്ത്രീകൾ എന്നും ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് നിർണായകമായ സംഭാവനകൾ തരുന്നവരാണ്. അഫ്ഗാൻ സമൂഹത്തിന്റെ ക്ഷേമത്തിനും പുരോഗതിക്കും അവരുടെ സംഭാവനകൾ എന്നും അനിവാര്യമാണെന്നും” ഒതുൻബയേവ പറയുന്നു.
സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കുകളും നിയന്ത്രണങ്ങളും പിൻവലിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും ഇവർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസവും ജോലിയും മാന്യമായ ജീവിതത്തിന് പ്രധാനമായ ഘടകങ്ങളാണ്. സ്ത്രീകൾ എൻജിഒകളുടെ ഭാഗമാകുന്നത് പോലും അവർ നിരോധിച്ചു. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വിലക്കുകൾ വന്നു, പൊതു ഇടങ്ങളിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കി തുടങ്ങി. ഇതെല്ലാം അന്താരാഷ്‌ട്ര തലത്തിൽ പോലും അഫ്ഗാന് തിരിച്ചടികൾ നൽകുന്നുണ്ട്. ഇത് താലിബാൻ ഭരണകൂടം തിരിച്ചറിയണമെന്നും ഒതുൻബയേവ ആവശ്യപ്പെട്ടു.















