ന്യൂഡൽഹി: എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സുധാ മൂർത്തി രാജ്യസഭയിലേക്ക്. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് സുധാമൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത്. പ്രധാനമന്ത്രിയാണ് എക്സിലൂടെ ഇക്കാര്യം അറിയിച്ചത്.
”സുധാമൂർത്തിയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. സാമൂഹിക പ്രവർത്തനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസം തുടങ്ങീ മേഖലകളിലെ സുധാ മൂർത്തിയുടെ സംഭാവനകൾ പ്രശംസനീയമാണ്. സുധാ മൂർത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ സന്ദേശമാകും. അവർക്ക് മികച്ച ഭരണകർത്താവാകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.”- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
സുധാ മൂർത്തിയെ രാജ്യം പദ്മശ്രീയും (2006) പദ്മഭൂഷണും (2023) നൽകി ആദരിച്ചിട്ടുണ്ട്. ഇൻഫോസിസ് കമ്പനി സഹസ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയുടെ ഭാര്യയും ഇൻഫോസിസ് ഫൗണ്ടേഷന്റെ മുൻ ചെയർപേഴ്സണുമാണ് സുധ. ഹൗ ഐ ടോട്ട് മൈ ഗ്രാൻഡ്മദർ ടു റീഡ്, മഹാശ്വേത, ഡോളർ ബഹു തുടങ്ങിയവയാണ് പ്രധാനപ്പെട്ട എഴുത്തുകൾ.