തിരുവനന്തപുരം: ബിജെപി അംഗത്വമെടുത്തതിന്റെ പേരിൽ വിമർശിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്ന് പദ്മജ വേണുഗോപാൽ. കരുണാകരന്റെ മകൾ അല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ പ്രസ്താവനയിലൂടെ അമ്മയെയാണ് അപമാനിച്ചതെന്ന് അവർ പറഞ്ഞു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. വഴിയിൽ തടയുമെന്നൊക്കെ പറഞ്ഞിരുന്നു. അത്തരം വിരട്ടലുകളൊന്നും ചെലവാകില്ലെന്നും പരാക്രമം സ്ത്രീകളോട് വേണ്ടെന്ന താക്കീതും അവർ നൽകി.
രാഹുൽ മാങ്കൂട്ടത്തിൽ എങ്ങനെയാണ് പത്ത് ദിവസം ജയിലിൽ കിടന്നതെന്നും അതിന്റെ പിന്നിലുണ്ടായ കഥകളൊക്കെയും എനിക്ക് അറിയാം. അത് എന്നെ കൊണ്ട് പറയിപ്പിക്കരുത്. കോൺഗ്രസുകാർക്കെതിരെ ഒന്നും മിണ്ടില്ലെന്നാണ് കരുതിയിരുന്നത്. കാരണം എന്റെ സ്വഭാവം അതല്ല, എന്നാൽ എന്നെ കൊണ്ട് തോണ്ടി തോണ്ടി പറയിപ്പിക്കരുതെന്ന അഭ്യർത്ഥന മാത്രമാണുള്ളതെന്നും പദ്മജ പറഞ്ഞു.
കെ. മുരളീധരനെയും അവർ വിമർശിച്ചു. ചേട്ടന്റെ കാര്യം പറയണ്ടെന്നും ഇന്ന് പറയുന്നതല്ല അദ്ദേഹം നാളെ പറയുന്നതെന്നും പദ്മജ പരിഹസിച്ചു. മൂന്ന്, നാല് പാർട്ടി മാറി വന്ന ആൾ ആയതുകൊണ്ട് അദ്ദേഹത്തിന് എന്നെ പറയാൻ അവകാശമില്ല. ചേട്ടനെതിരെ ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ല. അദ്ദേഹം പാർട്ടി മാറിയപ്പോൾ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. പലരും പാര്‍ട്ടിവിട്ട് പോയപ്പോള്‍ കോണ്‍ഗ്രസുകാരിയായി ഉറച്ച് നിന്ന ആളാണ് ഞാന്‍. എന്റെ രാഷ്‌ട്രീയ ജീവിതം വേറെയാണ്. നിങ്ങൾ പറയുന്നത് എന്നെ വിഷമിപ്പിക്കും എന്ന് കരുതേണ്ടെന്നും പദ്മജ മാദ്ധ്യമങ്ങളോട് പറഞ്ഞു.