ധരംശാല ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിന് തകർച്ച. ആദ്യ ഇന്നിംഗ്‌സിലെ ഫോം തുടർന്ന അശ്വിന് മുന്നിൽ ഇംഗ്ലണ്ട് നിരക്ക് പിടിച്ചു നിൽക്കാനായില്ല.
22.5 ഓവർ പിന്നിടുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 103 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. രണ്ടാം ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ടിന് ഓപ്പണർ ബെൻ ഡക്കറ്റിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. രണ്ട് റൺസെടുത്ത താരത്തെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. സാക് ക്രോളി (0) സർഫറാസിന്റെ കൈയിലെത്തിച്ചപ്പോൾ ഒല്ലി പോപ്പിനെ(19) ജയ്‌സ്വാൾ പിടികൂടുകയായിരുന്നു. രണ്ട് റൺസെടുത്ത ബെൻ സ്റ്റോക്‌സിനെ അശ്വിനും ജോണി ബെയർസ്‌റ്റോയെ(39) കുൽദീപുമാണ് കൂടാരം കയറ്റിയത്. 34 റൺസുമായി ജോ റൂട്ട് ക്രീസിലുണ്ട്.
രാവിലെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 477 റൺസിൽ അവസാനിച്ചിരുന്നു. മൂന്നാം ദിനത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യക്ക് കുൽദീപ് യാദവിനെയും (30) ജസ്പ്രീത് ബുമ്രയെയും (20) നഷ്ടമായി. ഇംഗ്ലണ്ട് 259 റൺസിന്റെ ലീഡാണ് വഴങ്ങിയത്. കുൽദീപിനെ ജെയിംസ് ആൻഡേഴ്സനും ബുമ്രയെ ഷെയ്ബ് ബഷീറുമാണ് പുറത്താക്കിയത്.















