ഇഷ്ടപ്പെട്ട സിനിമാ സംഭാഷണത്തെ കുറിച്ച് ചോദിച്ചപ്പോൾ വയനാട്ടുകാരി സജന സജീവൻ പറഞ്ഞത് എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന ഡയലോഗാണ്. ആ സമയമാണിപ്പോൾ സജനയ്‌ക്ക് തെളിഞ്ഞിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ അടിച്ചു തകർത്ത താരമിപ്പോൾ വനിതാ പ്രീമിയർ ലീഗിലും ഔൾറൗണ്ട് മികവിലൂടെ ആരാധകരെ കൈയിലെടുക്കുകയാണ്. മുംബൈ ടീമിലെ സഹതാരങ്ങൾ സജനയെ വിളിക്കുന്നത് കീറോൺ പൊള്ളാർഡെന്നാണ്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തിൽ ഡൽഹിക്കെതിരെ സിക്‌സറടിച്ച് മുംബൈയെ വിജയിപ്പിച്ചതോടെയാണ് താരത്തിന് ഈ പേര് സ്വന്തമായത്. പിന്നാലെ ഫീൽഡിംഗിലും തിളങ്ങി സജന തന്റെ ഈ വിളിപ്പേര് അന്വർത്ഥമാക്കി. ഫിനിഷർ റോളിൽ കത്തികയറുകയാണ് താരമിപ്പോൾ.
‘സജനാ പേ ദിൽ ആ ഗയാ’ എന്ന ഹിന്ദി ഗാനം പാടിയാണ് സജനയുടെ സൂപ്പർ പ്രകടനങ്ങൾ സഹതാരങ്ങൾ ആഘോഷിക്കുന്നത്. മുംബൈ ഇന്ത്യൻസ് പങ്കുവച്ച ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
ടൂർണമെന്റിൽ ഇതുവരെ 4 മത്സരങ്ങളിൽ നിന്ന് 56 റൺസാണ് സജനയുടെ സമ്പാദ്യം. ഡൽഹിയുടെ ഓസ്‌ട്രേലിയൻ താരം ജെസ് ജൊനാസൻ (182.14) കഴിഞ്ഞാൽ ടൂർണമെന്റിൽ ഏറ്റവും മികച്ച ശരാശരി താരത്തിന്റെ പേരിലാണ്. പ്രീമിയർ ലീഗിലെ സജനയുടെ പ്രകടനം സെലക്ടർമാരുടെ കണ്ണുതുറപ്പിച്ചാൽ വൈകാതെ തന്നെ താരത്തെ ഇന്ത്യൻ ജഴ്‌സിയിൽ കാണാം.