തിരുവാരൂർ ; തിരുവാരൂരിൽ വീട് നിർമ്മാണത്തിനിടെ ശ്രീരാമവിഗ്രഹം കണ്ടെത്തി . തിരുവാരൂർ ജില്ലയിലെ പെരുമലകരത്ത് മാരിമുത്തുവിന്റെ ഭൂമിയിൽ നിന്നാണ് വിഗ്രഹം കണ്ടെടുത്തത് . വീട് നിർമ്മാണത്തിനായി കുഴി എടുക്കവേയാണ് ഏകദേശം 2 അടി ഉയരമുള്ള പഞ്ചലോഹത്തിൽ നിർമ്മിച്ച പുരാതന വിഗ്രഹം കണ്ടെത്തിയത് . വിഗ്രഹത്തിനൊപ്പം ചരട് വിളക്ക്, വിളക്ക് തൂക്കുന്നതിനുള്ള ചങ്ങല, തലപ്പാവ് എന്നിവയും കണ്ടെത്തി. പെരുമാൾ ക്ഷേത്രത്തിന് സമീപം കൊരടച്ചേരി മാർക്കറ്റ് സ്ട്രീറ്റിൽ പൂക്കട ഉടമയാണ് മാരിമുത്തു .
വിവരമറിഞ്ഞ് വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജ്കുമാർ, തഹസിൽദാർ ദേവേന്ദ്രൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. വിഗ്രഹം തഹസിൽദാറുടെ ഓഫീസിലേക്ക് മാറ്റി . വിഗ്രഹത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ടാകാമെന്നും ,ഇതിന്റെ മൂല്യം പുരാവസ്തു ഗവേഷകരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ നിർണ്ണയിക്കാൻ കഴിയൂ എന്ന് തഹസിൽദാർ പറഞ്ഞു. 40 വർഷങ്ങൾക്ക് മുൻപും സമാനമായ രീതിയിൽ ഇവിടെ നിന്ന് രാമപാദം ഉൾപ്പെടെ 10 തരം ലോഹ വസ്തുക്കൾ ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയിരുന്നു.