അഹമ്മദാബാദ്: പൈതൃക സംരക്ഷണമെന്ന ദൗത്യം എപ്രകാരം നടപ്പാക്കണമെന്ന് രാജ്യം മുഴുവൻ കാണിച്ച് കൊടുത്തത് ഗുജറാത്ത് ആണെന്ന പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സർദാർ വല്ലഭഭായ് പട്ടേലിന്റെ നേതൃത്വത്തിൽ സോമനാഥിനെ പുനരുജ്ജീവിപ്പിച്ചത് ചരിത്രപരമായ സംഭവമാണ്. ചമ്പാനർ, ധോളവീര, ലോതൽ, ഗിർനാർ, പാവഗഡ്, മൊധേര, അംബാജി എന്നീ പ്രദേശങ്ങളോടൊപ്പം അഹമ്മദാബാദും ലോക പൈതൃക നഗരമായി വളർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
”രാജ്പഥിലെ കർത്തവ്യപാതയുടെ വികസനം, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയുടെ അനാച്ഛാദനം, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഇടങ്ങളുടെ വികസനം, ബി.ആർ അംബേദ്കറുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ വികസനം, ഏകത പ്രതിമയുടെ അനാച്ഛാദനം തുടങ്ങീ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പൈതൃക സ്ഥലങ്ങളുടെ വികസനവും, അവ പുനഃസ്ഥാപിക്കുന്നതിനുമുള്ള കാമ്പയിനും ഇപ്പോഴും മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. സബർമതി ആശ്രമം പുനഃസ്ഥാപിക്കുന്നത് ഇതിന്റെ ഭാഗമായി നടപ്പാക്കുന്ന നിർണായക ചുവടുവയ്പ്പാണെന്നും” പ്രധാനമന്ത്രി പറയുന്നു.
ഭാവി തലമുറയിലെ ഓരോരുത്തരും സബർമതി ആശ്രമം സന്ദർശിക്കുമ്പോൾ അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുന്നോട്ട് പോകും. അടിമത്തത്തിൽ നിരാശയിൽ കഴിഞ്ഞിരുന്ന ഒരു വിഭാഗം ജനങ്ങളിൽ അദ്ദേഹം വിശ്വാസവും പ്രതീക്ഷയും നൽകിയിരുന്നു. ബാപ്പുജിയുടെ ആശയങ്ങൾ ഇന്ത്യയുടെ ഭാവിയ്‌ക്ക് കൃത്യമായ ദിശാബോധം നൽകുന്നുണ്ട്. ഗ്രാമങ്ങളുടേയും ദരിദ്രരുടേയും ക്ഷേമത്തിനാണ് ഈ സർക്കാർ മുൻഗണന നൽകുന്നത്. മഹാത്മജിയുടെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആത്മനിർഭർ ഭാരത് കാമ്പയിൻ നടപ്പിലാക്കുന്നത്. ഖാദിയുടെ ഉപയോഗം വർദ്ധിക്കുന്നു എന്നത് പോലും അദ്ദേഹത്തിന്റെ ഗ്രാമസ്വരാജ് എന്ന ആശയം സജീവമാകുന്നതിന് സൂചനയാണ്.
സബർമതി ആശ്രമത്തിന്റേയും കൊച്ച്‌റബ് ആശ്രമത്തിൻേും വികസനം കേവലം ചരിത്രപരമായ ഇടങ്ങളുടെ വികസനം എന്നത് മാത്രമല്ല. ഇന്ത്യ അതിവേഗം ആത്മവിശ്വാസത്തോടെ മുന്നേറുമ്പോൾ മഹാത്മജിയുടെ ഈ ദേവാലയം നമുക്ക് എല്ലാവർക്കും വലിയ പ്രചോദനമാണ് നൽകുന്നത്. ബാപ്പുജിയുടെ ആദർശങ്ങളും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും നമ്മുടെ രാഷ്‌ട്ര നിർമ്മാണത്തിൽ തുടർന്നും നമ്മെ നയിക്കുമെന്നും” പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.