മുംബൈ: ടി20 ലോകകപ്പിൽ നിന്ന് വിരാട് കോലിയെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ച്. ദി ടെലിഗ്രാഫാണ് റിപ്പോർട്ട് പുറത്തുവിട്ടത്. രോഹിത് ശർമ്മ തന്നെ ഐസസി ടൂർണമെന്റിൽ നായകനാകുമെന്ന് ബിസിസിഐ സെക്രട്ടറി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.
മൂന്നാം നമ്പരിൽ ബാറ്റിംഗിനിറങ്ങുന്ന കോലിയുടെ സ്ട്രൈക്ക് റേറ്റാണ് താരത്തെ പരിഗണിക്കാതിരിക്കുന്നത് പ്രധാന കാരണം. വിൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിൽ യുവതാരങ്ങളെ ഉൾപ്പെടുത്തിയാൽ മതിയെന്നാണ് ബിസിസിഐ തീരുമാനം. വിരാട് കോലിയുടെ കാര്യത്തിൽ പന്ത് മുഖ്യ സെലക്ടർ അജിത് അഗാർക്കറുടെ കോർട്ടിലാണ്.
മദ്ധ്യനിരയിലും ഫിനിഷിംഗിലും സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ശിവം ദുബെ, തിലക് വര്‍മ,ശുഭ്മാൻ ഗിൽ,കെ.എൽ രാഹുൽ, എന്നിവരെല്ലാം അവസരം കാത്തിരിപ്പുണ്ട്. ഇതാണ് കോലിക്ക് വെല്ലുവിളിയാകുന്നത്. കോലി ഐപിഎൽ കളിക്കുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. എന്നാലും താരം ബെംഗളുരുവിനായി കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ തിളങ്ങിയാലും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്ന കാര്യം ഉറപ്പില്ല.
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ കോലി കളിച്ചിരുന്നെങ്കിലും 29,0 എന്നിങ്ങനെയായിരുന്നു സ്കോറുകൾ. വേഗത്തിൽ സ്കോർ ഉയർത്താൻ താരത്തിന് കഴിഞ്ഞില്ല. വിൻഡീസിലെ സ്ലോ വിക്കറ്റിൽ കോലിയെക്കാളും യുവതാരങ്ങളാണ് നല്ലതെന്നാണ് ഒരു വിഭാഗം പേരുടെ വിലയിരുത്തൽ. മേയ് ആദ്യവാരം ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡ് പ്രഖ്യാപിക്കും മുൻപേ ഇതിനൊരു തീരുമാനമുണ്ടായേക്കും.















