ജയ്പൂർ: പ്രതിരോധ മേഖലയ്‌ക്ക് കരുത്ത് പകരുന്ന സൈനിക ശക്തിയുടെ ‘ ഭാരത് ശക്തി’ അഭ്യാസ പ്രകടനം ഇന്ത്യക്ക് കൂടുതൽ ആത്മവിശ്വാസമേകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മനിർഭര ഭാരതത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പ് കൂടിയാണിതെന്നും ഏത് വെല്ലുവിളികളെയും നേരിടാൻ ഭാരതം സജ്ജമായിരിക്കുന്നുവെന്നതിന്റെ തെളിവാണ് ഭാരത് ശക്തിയുടെ അഭ്യാസപ്രകടനമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ പൊഖ്‌റാനിൽ നടന്ന സൈനിക ശക്തിയുടെ ഭാരത് ശക്തി അഭ്യാസപ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
” പ്രതിരോധ മേഖലയിൽ ഇന്ത്യ സ്വയംപര്യാപ്തമായിരിക്കുന്നുവെന്നതിന്റെ തെളിവാണ് ഇന്ന് നാം കണ്ടത്. ആത്മനിർഭര ഭാരതത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പ് കൂടിയാണിത്. കഴിഞ്ഞ 10 വർഷത്തിനിടെ പ്രതിരോധ മേഖലയിൽ 150ലധികം സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ സാധിച്ചു. പ്രതിരോധ മേഖയിലെ ആത്മനിർഭരത, ഇന്ത്യക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നു. യുദ്ധവിമാനങ്ങൾ പറന്നുയരുന്നു, അവയുടെ മുഴക്കവും ഭാരത് ശക്തി അഭ്യാസപ്രകടനത്തിന്റെ വീര്യവും പുതിയ ഭാരതത്തിനായുള്ള ആഹ്വാനമാണ്.”- പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് രാജ്യം കണ്ട പ്രകടനങ്ങൾ സായുധസേനയുടെ ധീരത നിറഞ്ഞ സംയുക്ത അഭ്യാസങ്ങളാണ്. പ്രതിരോധ മേഖലയെ സ്വയംപര്യാപ്തമാക്കാൻ കേന്ദ്രസർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രാജ്യം ആത്മനിർഭരത കൈവരിക്കണമെങ്കിൽ മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് നിർത്തണമെന്നും അതിനായുള്ള ശ്രമങ്ങളാണ് കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം കണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മേക്ക് ഇൻ ഇന്ത്യയുടെ വിജയം നമുക്ക് മുന്നിൽ തന്നെയുണ്ട്. ഇന്ത്യ വികസിപ്പിച്ചെടുത്ത തോക്കുകൾ, ടാങ്കുകൾ, കപ്പലുകൾ, ഹെലികോപ്റ്ററുകൾ, മിസൈലുകൾ ഇവയെല്ലാം ഭാരത് ശക്തിയാണ്. ഇന്ന് നമ്മുടെ പൈലറ്റുമാർ ഇന്ത്യൻ നിർമ്മിത തേജസ് യുദ്ധവിമാനങ്ങൾ പറത്തുന്നു, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ പറത്തുന്നു, ഇതിലെല്ലാം രാജ്യത്തിന് അഭിമാനിക്കാം. കര, വായു, കടൽ, സൈബർ, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ നിന്നുള്ള വെല്ലുവിളികളെ നേരിടാൻ ഭാരതം തയ്യാറായി കഴിഞ്ഞിരിക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണ് ഭാരത് ശക്തിയുടെ അഭ്യാസപ്രകടനങ്ങളെന്നും പ്രതിരോധ മേഖലയ്‌ക്കായി കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.















