കണ്ണൂർ: കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണം നേരിട്ട് അറസ്റ്റിലായ വിധികർത്താവിനെ കണ്ണൂരിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കേസിലെ ഒന്നാം പ്രതിയും മാർഗംകളി മത്സരത്തിലെ വിധികർത്താവുമായ ഷാജി പൂത്തട്ടയെയാണ് കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കിടപ്പുമുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. ” ഞാൻ നിരപരാധിയാണ്. ഇതുവരെ ഒരു പൈസയും വാങ്ങിയിട്ടില്ല. അർഹതപ്പെട്ടതിനു മാത്രമാണ് കൊടുത്തത്. എന്റെ അമ്മയ്ക്കറിയാം തെറ്റ് ചെയ്യില്ലെന്ന്. ഇതിന്റെ പിന്നിൽ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെ” എന്നാണ് ആത്മഹത്യക്കുറിപ്പിൽ ഷാജി കുറിച്ചത്.
വിധികർത്താവിന്റെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐ ആണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ് ആരോപിച്ചു. ഒരു കലോത്സവത്തിന്റെ നടത്തിപ്പ് ഏറ്റവും ദുർഗതിയിലാക്കിക്കൊണ്ട് ഒരു കലോത്സവത്തെ കോഴയിൽ മുക്കി കലാപത്തിന്റെ ഗതിയിലെത്തിച്ച സംഘാടകരാണ് യൂണിവേഴ്സിറ്റി യൂണിയൻ നയിക്കുന്ന എസ്എഫ്ഐ എന്നും ഇവരാണ് ഈ മരണത്തിന്റെ ഉത്തരവാദിയെന്നും അദ്ദേഹം തുറന്നടിച്ചു. മരണമണിമുഴക്കുന്നവരാണ് എസ്എഫ്ഐ. കലോത്സവത്തെ കലാപോത്സവും കോഴയുത്സവവും ആക്കി മാറ്റിയത് എസ്എഫ്ഐയാണ്. ഷാജി മരണപ്പെട്ടത് പോലീസിന്റെ അനാസ്ഥ കൂടിയാണെന്നും എബിവിപി ആരോപിച്ചു.
ഒന്നാം പ്രതിയായ വിധികർത്താവ് ഷാജി മരിച്ചതോടെ ദുരൂഹത ബാക്കിയാക്കുകയാണ്. എസ്എഫ്ഐ നേതൃത്വത്തിലുള്ള യൂണിയനെതിരെ ആരോപണം കടുക്കുകയാണ് ഈ സാഹചര്യത്തിൽ. ഷാജി ഉൾപ്പടെ മൂന്ന് പ്രതികളുടെ മൊഴിയെടുക്കാൻ ഇന്ന് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. ഇതിനിടെയിലാണ് ഷാജിയുടെ ആത്മഹത്യ. കേസിലെ മറ്റ് പ്രതികൾ ഇന്ന് പോലീസിന് മുൻപാകെ ഹാജരാകും.