ശ്രീലങ്കൻ ക്രിക്കറ്റ് ടീം മുൻ താരം ലാഹിരു തിരിമന്നെയ്‌ക്കും കുടുംബത്തിനും വാഹാനപകടത്തിൽ പരിക്ക്. അനുരാധപുരയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. കുടുംബവുമൊത്ത് ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ ക്രിക്കറ്റർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാർ പൂർണമായും തകർന്നു. പരിക്കേറ്റ് തിരിമന്നയും കുടുംബവും ആശുപത്രിയിലാണ്.34-കാരനായ താരം നിലവിൽ ലെജന്റ് ക്രിക്കറ്റ് ടൂർണമെന്റ് കളിക്കുകയാണ്. ന്യൂയോർക്ക് സൂപ്പർ സ്റ്റാർസിന്റെ താരമാണ് തിരിമന്നെ. ബുധനാഴ്ചയാണ് താരം അവസാന മത്സരം കളിച്ചത്. തിരിമന്നെയ്‌ക്കും കുടുംബത്തിനും നിസാര പരിക്കുകൾ മാത്രമേ ഉള്ളൂവെന്നും ഇപ്പോൾ നിരീക്ഷണത്തിലാണെന്നും അദ്ദേഹത്തിന്റെ ടീം ആശുപത്രി അധികൃതരെ ഉദ്ദരിച്ച സോഷ്യൽ മീഡിയയിൽ അറിയിച്ചു.
44 ടെസ്റ്റും 127 ഏകദിനവും 26 ടി20യും ശ്രീലങ്കയ്‌ക്കായി കളിച്ച താരം 2010ലാണ് അന്താരാഷ്‌ട്ര തലത്തിൽ അരങ്ങേറിയത്. മൂന്ന് ടി20 ലോകകപ്പുകളിൽ ശ്രീലങ്കൻ ടീമിന്റെ ഭാഗമായിരുന്ന തിരിമന്നെ രണ്ടു ഏകദിന ലോകകപ്പുകളും കളിച്ചിട്ടുണ്ട്.