സൈനിക യൂണിഫോം വിൽക്കുന്ന കട നടത്തിയിരുന്ന യുവാവിനെ രാജസ്ഥാൻ പോലീസിന്റെ ഇന്റലിജെൻസ് സംഘം പിടികൂടി. ഇയാൾ സൈന്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങൾ ശേഖരിച്ച് പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിക്ക് കൈമാറിയിരുന്നതായി കണ്ടെത്തിയെന്ന് എഡിജിപി സഞ്ജയ് അഗർവാൾ പറഞ്ഞു.
പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയുടെ വനിത ഏജന്റുമാർക്കാണ് ഇയാൾ സോഷ്യൽ മീഡിയ വഴി വിവരങ്ങൾ കൈമാറിയിരുന്നത്. സൂറത്ത്ഗഡ് സൈനിക കേന്ദ്രത്തിന് സമീപത്താണ് ഇയാൾ കട നടത്തിയിരുന്നത്. കുറച്ചുനാളായി കടയിൽ വരാതിരുന്ന പ്രതി ബെഹ്റോർ പ്രദേശത്തുള്ള ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു.
ഈ സമയത്താണ് പ്രതി പാകിസ്താനി ഏജന്റുമാരുമായി ബന്ധം പുലർത്തിയിരുന്നത്. സൈനികരുമായുള്ള ബന്ധം ചൂഷണം ചെയ്ത് സമ്പാദിച്ചിരുന്ന വിവരങ്ങൾ കൈമാറാൻ ഇയാൾ പണം വാങ്ങിയിരുന്നതായും എഡിജിപി പറഞ്ഞു.















