ഷവർമ്മ ഷോപ്പുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; 54 കടകൾ പൂട്ടിച്ചു

Published by
Janam Web Desk

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന. വൃത്തിഹീനമായ രീതിയിൽ ഷവർമ്മ നിർമ്മിക്കുന്നു എന്ന് പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. 43 സ്‌ക്വാഡുകളായി 502 ഭക്ഷണശാലകളിലാണ് പരിശോധന നടത്തിയത്. ഇതിൽ 54 ഷവർമ്മ കടകളാണ് അടപ്പിച്ചത്. കൂടാതെ 149 ഷവർമ്മ കടകൾക്ക് നോട്ടീസും നൽകി.

ഷവർമ്മ നിർമ്മിക്കുന്ന ഭക്ഷണശാലകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നോട്ട് വയ്‌ക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണ്ടതുണ്ട്. ഷവർമ്മ നിർമ്മിക്കുന്നവർ ശാസ്ത്രീയമായ പാചക രീതിയെ കുറിച്ച് അറിഞ്ഞിരിക്കണം. ഇതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് നൽകുന്ന ബോധവത്കരണ ക്ലാസിൽ പങ്കെടുത്ത് മാനദണ്ഡങ്ങൾ ഹോട്ടലുകളിൽ നടപ്പാക്കണം. നാല് മണിക്കൂർ തുടർച്ചയായി ഉപയോഗിച്ച ഇറച്ചി വീണ്ടും ഉപയോഗിക്കാൻ പാടില്ല. ഷവർമ്മ നിർമ്മിക്കുന്നവർ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പാഴ്‌സലായി നൽകുന്ന ഷവർമ്മയിൽ കൃത്യമായി തീയതി, ഉണ്ടാക്കിയ സമയം, ഒരു മണിക്കൂറിനുള്ളിൽ കഴിക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ എഴുതിയ ലേബൽ ഒട്ടിച്ച ശേഷമായിരിക്കണം വിതരണം ചെയ്യാൻ. ഷവർമ്മ നിർമ്മിക്കാനുപയോഗിക്കുന്ന ഫ്രീസറുകൾ, ചില്ലറുകൾ തുടങ്ങിയവ കൃത്യമായ ഊഷ്മാവിൽ സൂക്ഷിക്കണം. കൃത്യമായ സമയങ്ങളിൽ വേസ്റ്റ് മാറ്റണം. കൂടാതെ ഷവർമ്മ തയ്യാറാക്കുന്നവർ ഹെയർ ക്യാപ്, കൈയ്യുറകൾ, വൃത്തിയുള്ള ഏപ്രൺ എന്നിവ ഉപയോഗിക്കണം.

Share
Leave a Comment