ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ഇഡിയുടെ പരാതിയിന്മേൽ തനിക്കെതിരെയുള്ള സമൻസ് റദ്ദാക്കണമെന്ന് കെജ്‌രിവാളിന്റെ ആവശ്യം ഡൽഹി റോസ് അവന്യൂ സെഷൻസ് കോടതി തള്ളി. മാർച്ച് 16ന് ഹാജരാകാൻ ആവശ്യപ്പെട്ട് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ദിവ്യ മൽഹോത്ര പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് കെജ്‌രിവാൾ സെഷൻസ് കോടതിയെ സമീപിച്ചത്. എന്നാൽ ഇത് കോടതി തള്ളുകയായിരുന്നു.
നിരവധി സമൻസുകളാണ് കെജ്‌രിവാൾ ഒഴിവാക്കിയത്. കഴിഞ്ഞ വർഷം മാർച്ച് 4, ഫെബ്രുവരി 26, ഫെബ്രുവരി 19, ഫെബ്രുവരി 2, ജനുവരി 18, ജനുവരി 3, ഡിസംബർ 22, നവംബർ 2 തീയതികളിൽ ഇഡി അയച്ച എട്ട് സമൻസുകളാണ് ഡൽഹി മുഖ്യമന്ത്രി ഇതുവരെ കൈപ്പറ്റാതെ ഒഴിവാക്കിയത്.
സംസ്ഥാന മദ്യനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത ആപരോപണങ്ങളാണ് ഉയർന്നത്. 2021-22 കാലത്ത് ഡൽഹി സർക്കാർ കൊണ്ടുവന്ന മദ്യനയം പ്രകാരം വ്യാപാരികളിൽ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. അഴിമതിയിൽ നിന്ന് ആംആദ്മി പാർട്ടി 100 കോടി കൈപ്പറ്റുകയും പണം ഗോവ തിരഞ്ഞെടുപ്പിനായി ഉപയോഗിച്ചുവെന്നും അന്വേഷണ ഏജൻസി ആരോപിച്ചു. നയത്തിൽ വലിയ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്‌സേന സിബിഐ അന്വേഷണം ആവശ്യപ്പെട്ടതോടെ നയം റദ്ദാക്കുകയായിരുന്നു.
മദ്യനയക്കേസിൽ ഇതുവരെ രണ്ട് മുതിർന്ന എഎപി നേതാക്കളാണ് അറസ്റ്റിലായത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സഞ്ജയ് സിംഗുമാണ് അറസ്റ്റിലായത്. ഇതിന് പിന്നാലെ തെലങ്കാനയിൽ നിന്നുള്ള ബിആർഎസ് നേതാവ് കെ. കവിതയെ ഇന്ന് ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിഷയത്തിൽ കെജ്‌രിവാളിന്റെ മൊഴി രേഖപ്പെടുത്താനാണ് ഇഡി ആവശ്യപ്പെടുന്നത്.















