ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. ഇപ്പോൾ അഭിനയരംഗത്തും സജീവ സാന്നിധ്യമാണ് അദ്ദേഹം. വർഷങ്ങളായി കാത്തിരുന്നിട്ടും ഇതുവരെ റിലീസ് ചെയ്യാത്ത ഗൗതം മേനോൻ ചിത്രമാണ് ധ്രുവനച്ചത്തിരം. എട്ട് വർഷം മുമ്പാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ പലതവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ഇപ്പോൾ വീണ്ടും ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്.
തമിഴ് സിനിമാ മാദ്ധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഈ മാസം തന്നെ തിയേറ്ററുകളിലെത്തും. മാർച്ച് 28ന് റിലീസ് ചെയ്യുമെന്നാണ് വിവരം, എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. നവംബർ 24ന് ആയിരുന്നു അവസാനമായി ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അവസാനഘട്ടത്തിൽ റിലീസ് മാറ്റുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാൽ റിലീസ് തീയതി മാറ്റിവെക്കുകയാണെന്നാണ് അന്ന് ഗൗതം മേനോൻ അറിയിച്ചത്.
വിക്രം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ വിനായകനാണ് പ്രതിനായകൻ. 2016-ൽ ആണ് ചിത്രീകരണം ആരംഭിക്കുന്നത്. സാമ്പത്തിക പ്രശ്നം മൂലം 2018 മുതൽ ചിത്രീകരണം നിർത്തി വെയ്ക്കുകയായിഡരുന്നു. എന്നാൽ പല ഘട്ടങ്ങളിലായി ചിത്രീകരണം വീണ്ടും ആരംഭിച്ചു. മൂന്ന് വർഷം മുമ്പ് ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടു. കഴിഞ്ഞ വർഷം ട്രെയ്ലറും പങ്കുവച്ചിരുന്നു. ഐശ്വര്യ രാജേഷ്, സിമ്രാൻ, പാർത്ഥിപൻ, ദിവ്യദർശിനി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.