യുവതാരങ്ങളായ നസ്ലിൻ ഗഫൂറും മമിത ബൈജുവും ഒന്നിച്ച ചിത്രം പ്രേമലുവിന്റെ തെലുങ്ക് പതിപ്പിന് യുഎസിൽ വൻ സ്വീകാര്യത. എസ്എസ് കാര്‍ത്തികേയനാണ് ചിത്രത്തിന്റെ തെലുങ്ക് റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. യുഎസിലെ ചിത്രത്തിന്റെ ബോക്സോഫീസ് കണക്കുകളാണ് അണിയറ പ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. ഇതുവരെ 1.65 കോടിയാണ് ചിത്രം നേടിയത്.
ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ തെലുങ്ക് ഡബ്ബിംഗ് പതിപ്പ് യുഎസില്‍ ഇത്രയും കളക്ഷൻ നേടുന്നതെന്നാണ് പുറത്തുവരുന്ന വിവരം. കേരളത്തിൽ ഇപ്പോഴും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ പ്രേമലുവിന്റെ തമിഴ് പതിപ്പ് റിലീസ് ചെയ്തിരുന്നു. വലിയ പ്രേക്ഷക പിന്തുണയാണ് ആദ്യ ദിവസം തന്നെ ചിത്രം നേടിയത്.
ഫെബ്രുവരി ആദ്യവാരമാണ് പ്രേമലു തിയേറ്ററുകളിലെത്തിയത്. ഈ സമയത്ത് തന്നെ ചിത്രം തമിഴ്നാട്ടിലും റിലീസ് ചെയ്തിരുന്നു. എന്നാൽ പിന്നാലെ എത്തിയ മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ ഹിറ്റായതോടെ പ്രേമലു പിൻവാങ്ങുകയായിരുന്നു. ആന്ധ്രാപ്രദേശിലും, തെലങ്കാനയിലും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചു.