ഉദ്യോഗസ്ഥർ കൂട്ട അവധിയെടുത്ത് സിഐടിയുവിന്റെ തൊഴിലാളി സംഗമത്തിന് പോയത് ചോദ്യം ചെയ്ത കെ.എസ്.ഇ.ബി എഞ്ചിനിയർക്ക് മർദ്ദനം. ആലപ്പുഴ എസ്.എൽ പുരത്തെ സബ് ഡിവിഷൻ ഓഫീസിലാണ് സംഭവം. ചേർത്തലയിൽ നടന്ന കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ പരിപാടിയിൽ പങ്കെടുക്കാൻ കലവൂർ സെക്ഷനിൽ 17 ജീവനക്കാരാണ് കൂട്ട അവധിയെടുത്തത്.
നാലുപേരെങ്കിലും ഓഫീസിലിരുന്നിട്ട് ബാക്കിയുള്ളവർ പോയാൽ മതിയെന്നും ഇല്ലെങ്കിൽ അത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞതാണ് സംഘടന നേതാക്കളെ ചൊടിപ്പിച്ചത്. വാക്കുതർക്കത്തിന് പിന്നാലെ അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ.രാജേഷ് മോനെ നേതാക്കൾ വളഞ്ഞിട്ട് തല്ലുകയായിരുന്നു.
പാരിപാടിക്ക് ശേഷം മടങ്ങിയെത്തിയവരാണ് മർദ്ദിച്ചത്.മാരാരിക്കുളം പോലീസ് സ്ഥലത്തെത്തി. സംഘടന നേതാക്കളെ മർദ്ദിച്ചെന്ന് കാട്ടി രാജേഷ് മോനെതിരെയും ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്. അവധി അനുവദിച്ചില്ലെന്നും ഭീഷണിപ്പെടുത്തിയെന്നും നേതാക്കൾ പരാതി പറഞ്ഞു.