മോസ്‌കോ: മൂന്നാം ലോക മഹായുദ്ധത്തിന് ഒരു പടി മാത്രം അകലെയാണെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. റഷ്യയും നാറ്റോ സഖ്യവും തമ്മിലുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം. നാറ്റോ സഖ്യത്തിലുള്ള രാജ്യങ്ങൾക്കാണ് റഷ്യയുടെ മുന്നറിയിപ്പ്. യുദ്ധം ആരും ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ ഒഴിവാക്കാൻ കഴിയാത്ത ഘട്ടമെത്തിയാൽ യുദ്ധമെന്ന തീരുമാനവുമായി മുന്നോട്ട് പോകും എന്നുമാണ് പുടിൻ അറിയിച്ചത്.
1962ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിക്ക് ശേഷം യുക്രെയ്‌നുമായുള്ള സംഘർഷത്തോടെയാണ് മറ്റു രാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധത്തിൽ വിള്ളൽ വീഴുന്നത്. ആണവായുധം ഉപയോഗിക്കുമെന്നും അത് വലിയ അപകടത്തിലേക്ക് നീങ്ങുമെന്നും പല തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും അത്തരത്തിൽ യുക്രെയ്‌നിൽ ആണവായുധം ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും പുടിൻ പറയുന്നു.
യുക്രെയ്‌നിൽ തങ്ങളുടെ സേനയെ ഭാവിയിൽ വിന്യസിച്ചേക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു. മാക്രോണിന്റെ പരാമർശത്തിനെതിരെ റഷ്യ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിലെ സാഹചര്യം വഷളാക്കാനാണ് മാക്രോൺ ശ്രമിക്കുന്നതെന്ന് പുടിൻ ആരോപിച്ചു. ” യുക്രെയ്‌നിൽ നിന്ന് റഷ്യയുടെ പ്രദേശങ്ങൾ സംരക്ഷിക്കാൻ ഒരു ബഫർ സോൺ ഉണ്ടാക്കും. ഇതിൽ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണ്. യുക്രെയ്‌നും റഷ്യയ്‌ക്കുമിടയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും” പുടിൻ പറഞ്ഞു.
അതേസമയം നിലവിലെ സാഹചര്യങ്ങൾ മൂന്നാം ലോകമഹായുദ്ധത്തിൽ ഒരു പടി മാത്രം അകലെയാണെന്ന് വ്യക്തമാക്കിയ പുടിൻ, ആ സാഹചര്യം ഉണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. ” നാറ്റോയുടെ സൈനികർ ഇപ്പോഴും യുക്രെയ്‌നിൽ ഉണ്ട്. ഫ്രഞ്ചും ഇംഗ്ലീഷും അവർ യുദ്ധഭൂമിയിൽ സംസാരിക്കുന്നുണ്ട്. എന്നാൽ ഇതിൽ ഒരു കാര്യവുമില്ല. കാരണം കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണത്തിൽ ഇതുമൂലം കുറവ് ഉണ്ടാകുന്നില്ലെന്നും” പുടിൻ പരിഹസിച്ചു.