കോഴിക്കോട്: തനിക്ക് നീതി കിട്ടിയില്ലെന്നും അന്ന് മുജീബിന് അർഹിച്ച ശിക്ഷ കിട്ടിയിരുന്നെങ്കിൽ പേരാമ്പ്രയിൽ അനു കൊല്ലപ്പെടില്ലായിരുന്നുവെന്നും മുത്തേരിയിലെ അതിജീവിത. ക്രൂരമായ ബലാത്സംഗത്തിനാണ് താൻ ഇരയായതെന്നും ഇയാളെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നും അതിജീവിത പറഞ്ഞു. കുറ്റപത്രത്തിൽ തന്നെ ബോധം കെടുത്തി ബലാത്സംഗം ചെയ്‌തെന്ന മൊഴി ഉണ്ടായിരുന്നില്ലെന്നും അക്കാര്യം കോടതിയിൽ പറയേണ്ടെന്ന് പ്രോസിക്യൂട്ടർ പറഞ്ഞുവെന്നും അതിജീവിത വെളിപ്പെടുത്തി.
പേരാമ്പ്ര അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്‌മാനാണ് മുക്കം മുത്തേരി ബലാത്സംഗ കേസിലെ പ്രതി. 2020-ൽ വയോധികയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് പണവും സ്വർണവും കവർന്ന സംഭവമാണ് മുത്തേരി കേസ്. അന്ന് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ മുജീബ് ശ്രമിച്ചിരുന്നെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു.
ഈ കേസിൽ ഒന്നരവർഷത്തോളം തടവിലായിരുന്ന മുജീബ് സമാനമായ രീതിയിലുള്ള കുറ്റകൃത്യമാണ് പേരാമ്പ്രയിലും നടത്തിയത്.















