ഐപിഎല്ലിലെ 17-ാം സീസണ് ഒരുങ്ങുന്ന ചെന്നൈ സൂപ്പർ കിംഗ്സിന് വമ്പൻ തിരിച്ചടി. ബൗളിംഗ് നിരയിലെ സ്റ്റാർ പേസർക്ക് പരിക്കേറ്റു. ബംഗ്ലാദേശ് താരം മുസ്തഫിസൂറാണ് ഗ്രൗണ്ടിൽ കുഴഞ്ഞു വീണത്. പിന്നീട് മെഡിക്കൽ സംഘം താരത്തെ സ്ട്രെചറിലാണ് പുറത്തു കൊണ്ടു പോയത്.
ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയ്‌ക്കിടെയാണ് സംഭവം. ഇന്നിംഗ്സിലെ 48-ാം ഓവർ എറിയാനെത്തിയ താരം ഒരു പന്ത് മാത്രമാണ് പൂർത്തിയാക്കിയത്. അത് വൈഡ് വിളിച്ചു. തുടർന്നുള്ള പന്തുകൾ എറിയാനാകാതെ താരം ഗ്രൗണ്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. 9 ഓവർ പൂർത്തിയാക്കിയ താരം 39 റൺസ് വഴങ്ങി ശ്രീലങ്കയുടെ രണ്ടു വിക്കറ്റുകളും പിഴുതു.
പരിക്ക് ഗുരുതരമാണെങ്കിൽ താരത്തിന്റെ ഐപിഎൽ പങ്കാളിത്തവും അനിശ്ചിതത്വത്തിലാകും. 2 കോടിക്കാണ് നിലവിലെ ചാമ്പ്യന്മാർ മുസ്തഫിസൂറിനെ ടീമിലെത്തിച്ചത്. നേരത്തെ ചെന്നൈ താരങ്ങളായ പതിരാനയ്‌ക്കും ഡെവോൺ കോൺവെയ്‌ക്കും പരിക്കേറ്റിരുന്നു. ഇരുവർക്കും സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ.