അഹമ്മദാബാദ്: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് തെലങ്കാനയെ അവരുടെ എടിഎമ്മാക്കി ഉപയോഗിച്ചുവെന്നും രാജ്യത്തെ ഏറ്റവും വലിയ അഴിമതികളിൽ പങ്കാളികളാണ് അവരെന്നും പ്രധാനമന്ത്രി വിമർശിച്ചു. തെലങ്കാനയിലെ ജഗ്തിയാലിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവം മെയ് 13-ന് ആരംഭിക്കാൻ പോകുകയാണ്. തെലങ്കാനയിലെ വോട്ടർമാർ ചരിത്രം കുറിക്കും. തെലങ്കാനയിൽ ബിജെപിക്കുള്ള പിന്തുണ ഇന്ന് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കോൺഗ്രസിനെയും ബിആർഎസിനെയും ജനങ്ങൾ തൂത്തെറിയും. ജനങ്ങളുടെ വിശ്വാസം അവർ ദുരുപയോഗം ചെയ്തു. വാഗ്ദാനങ്ങൾ നൽകി അവർ അധികാരമേറ്റു. എന്നാൽ ജനങ്ങൾക്ക് നൽകിയ ഉറപ്പുകളും വാക്കുകളും അവർ മറന്നു’.
’10 വർഷം ഭരണത്തിലിരുന്ന് ബിആർഎസ് തെലങ്കാനയെ നിഷ്‌കരുണം കൊള്ളയടിച്ചു. സംസ്ഥാനത്തെ അവർ എടിഎം ആക്കി ഉപയോഗിച്ചു. ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ബിജെപി അധികാരത്തിലെത്തിയാൽ ജനങ്ങളെ കൊള്ളയടിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ജനങ്ങളെ ചതിച്ചവരെ വെറുതെ വിടില്ല’.
‘ബിആർഎസിന്റെ അഴിമതികളെ കുറിച്ച് കോൺഗ്രസിന് യാതൊന്നും പറയാനില്ല. ബിആർഎസും കോൺഗ്രസും അവരുടെ അഴിമതികൾ പരസ്പരം മൂടിവെക്കുകയാണ്. എന്നാൽ അന്വേഷണം ആരംഭിക്കുമ്പോൾ അവർ മോദിക്കെതിരെ തിരിയുന്നു. തെലങ്കാനയുടെ സ്വപ്നങ്ങളെയാണ് കോൺഗ്രസ് തകർത്തത്’- പ്രധാനമന്ത്രി പറഞ്ഞു.