ന്യൂഡൽഹി: മസ്തിഷ്ക ശസ്ത്രക്രിയക്ക് ശേഷം സദ്ഗുരുവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നറിയിച്ച് ഇഷാ ഫൗണ്ടേഷൻ. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിഗുരുതരമായ രക്തസ്രാവം തലച്ചോറിലുണ്ടായതായും നിലവിൽ പ്രതീക്ഷകൾക്കപ്പുറമുള്ള പുരോഗതിയുണ്ടെന്നും പ്രസ്താവയിൽ പറയുന്നു.
പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെ ആശുപത്രി കിടക്കയിൽ നിന്നും പ്രതികരിക്കുന്ന സദ്ഗുരുവിന്റെ വീഡിയോ ദൃശ്യങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. “അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോ സർജന്മാർ എന്റെ തലയോട്ടി തുരന്നു, എന്തെങ്കിലും കണ്ടെത്താൻ സാധിക്കുമോയെന്ന് നോക്കി. പക്ഷേ അവർക്ക് ഒന്നും കിട്ടിയില്ല. അവിടം തീർത്തും ശൂന്യമാണ്” തമാശരൂപേണ സദ്ഗുരു പ്രതികരിച്ചു. ഇവിടെ ഡൽഹിയിലാണുള്ളത്, തലയോട്ടിയിൽ പൊട്ടലുണ്ടെങ്കിലും തകരാറില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
View this post on Instagram
കഴിഞ്ഞ 17നായിരുന്നു സദ്ഗുരുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസഹനീയമായ തലവേദനയെ തുടർന്ന് എംആർഐ സ്കാൻ നടത്തിയപ്പോൾ തലച്ചോറിൽ രക്തസ്രാവം സംഭവിച്ചിരുന്നതായി ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. നിലവിൽ സദ്ഗുരു സുഖംപ്രാപിച്ച് വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.