കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബാങ്കിൽ ചാവേറാക്രമണം. കാണ്ഡഹാർ സിറ്റിയിൽ സ്ഥിതിചെയ്യുന്ന സ്വകാര്യ ബാങ്കിനുള്ളിലാണ് ചാവേർ പൊട്ടിത്തെറിച്ചത്. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. സാലറി തുക പിൻവലിക്കാൻ ബാങ്കിലെത്തിയവരാണ് ആക്രമണത്തിന് ഇരയായത്. പ്രാദേശിക സമയം രാവിലെ 8.30ഓടെയായിരുന്നു ആക്രമണം.
അഫ്ഗാനിലെ സൈനികരായി ജോലി ചെയ്യുന്നവർക്ക് സാലറി വിതരണം ചെയ്യുന്ന ന്യൂ കാബൂൾ ബാങ്കിന്റെ ബ്രാഞ്ചിലാണ് ഭീകരാക്രമണമുണ്ടായത്. സംഭവസ്ഥലത്ത് സുരക്ഷാസേനയെ വിന്യസിച്ചതായി താലിബാൻ അറിയിച്ചു. ഇതുവരെയും ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
മേഖലയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണങ്ങൾ പതിവായതിനാൽ ചാവേറാക്രമണത്തിന് പിന്നിലും ഐഎസ് ആണെന്നാണ് സൂചന. സ്കൂളുകൾ, ആശുപത്രികൾ, മസ്ജിദുകൾ തുടങ്ങി അഫ്ഗാനിസ്ഥാനിലെ നിരവധിയിടങ്ങളിൽ ഐഎസ് ഇതിനോടകം അനവധി ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ആക്രമണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് താലിബാൻ വക്താക്കൾ അറിയിച്ചു.