ക്രിക്കറ്റിലെ തലമുറമാറ്റത്തിനാണ് എം.എസ് ധോണിയും സാക്ഷ്യം വഹിക്കുന്നത്. രോഹിത്തിന് പകരക്കാരനായി മുംബൈയുടെ നായക സ്ഥാനത്തേക്ക് ഹാർദിക് പാണ്ഡ്യ വന്നതു പോലെ, ധോണിക്ക് പകരം പുതിയ നായകന് കീഴിലായിരിക്കും ഇത്തവണ സിഎസ്‌കെ കളത്തിലിറങ്ങുക. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി ഐപിഎൽ മതിയാക്കിയിരുന്നില്ല. ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് നേരത്തെ തന്നെ ധോണി സൂചന നൽകിയിരുന്നു. ‘പുതിയ സീസണിനും പുതിയ റോളിനുമായി കാത്തിരിക്കുന്നു’ എന്നാണ് ടീമിനൊപ്പം ചേർന്ന ദിവസം തന്റെ സോഷ്യൽ മീഡിയയിൽ ധോണി കുറിച്ചത്.
നായക സ്ഥാനം കൈമാറിയതോടെ മഹി ഐപിഎല്ലിൽ നിന്ന് വിരമിക്കാ പോവുകയാണെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഈ സീസണിൽ കളിക്കുന്നത് ആരാധകർക്കുള്ള സമ്മാനമാണെന്നായിരുന്നു കഴിഞ്ഞ സീസണിൽ വിജയകിരീടം ചൂടിയതിന് പിന്നാലെ ധോണിയുടെ പ്രതികരണം. 43-ാം വയസ്സിലേക്ക് കടക്കുന്ന ധോണി, മഞ്ഞ ജഴ്‌സിയിൽ നിന്ന് വിരമിക്കരുതെന്നാണ് ആരാധകരുടെ ആഗ്രഹം.
ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. ഐപിഎൽ ആരംഭിച്ച 2008 മുതൽ ചെന്നൈയെ നയിച്ചിരുന്നത് ധോണിയായിരുന്നു. 2013-ൽ വാതുവയ്പ്പിനെ തുടർന്ന് ഐപിഎല്ലിൽ നിന്ന് രണ്ടുവർഷത്തേക്ക് സിഎസ്‌കെയെ വിലക്കിയപ്പോഴും, തിരിച്ചുവരവിൽ ടീമിനെ മികച്ച രീതിയിലാണ് ധോണി നയിച്ചത്. 17-ാമത് സീസൺ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ നായകസ്ഥാനത്ത് നിന്നുള്ള പടിയിറക്കം അക്ഷരാർത്ഥത്തിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
അഞ്ച് തവണയാണ് ധോണിക്ക് കീഴിൽ ചെന്നൈ ഐപിഎൽ കിരീടം സ്വന്തമാക്കിയത്. 2010, 2011, 2018, 2021, 2023 സീസണുകളിലായിരുന്നു അത്. ഇതിനെല്ലാം അപ്പുറം രണ്ടുതവണ ചാമ്പ്യൻസ് ലീഗ് ട്രോഫിയും (2010, 2014) ധോണി ചെന്നൈക്ക് നേടികൊടുത്തു. 2022-ൽ സഹതാരം രവീന്ദ്ര ജഡേജയ്‌ക്ക് നായക സ്ഥാനം നൽകിയെങ്കിലും തുടർ തോൽവികളായിരുന്നു ഫലം. 8 മത്സരങ്ങൾക്ക് ശേഷം നായകസ്ഥാനത്തേക്ക് ധോണി മടങ്ങിയെത്തിയെങ്കിലും ആ സീസൺ സിഎസ്‌കെയ്‌ക്ക് മികച്ചതായിരുന്നില്ല. പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനക്കാരായി ധോണിക്കും സംഘത്തിനും മടങ്ങേണ്ടി വന്നു. പിന്നീട് 2023-ൽ തിരിച്ചുവന്നത് പഴയതിലേറെ ഊർജം സംഭരിച്ച് കിരീട ജേതാക്കളായിട്ടായിരുന്നു.
ചെന്നൈ സൂപ്പർ കിംഗ്‌സ് ധോണിക്ക് കീഴിൽ
മത്സരം-226
വിജയം-133
തോൽവി- 91
കിരീടം -5
ധോണി
മത്സരം-250
റൺസ്-5,082
ഉയർന്ന സ്‌കോർ 84*
ക്യാച്ച്-142
സ്റ്റമ്പിംഗ്-42
ശരാശരി- 136
അർദ്ധ സെഞ്ച്വറി -24















