ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. പുതുച്ചേരി ഉൾപ്പെടെയുള്ള 15 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം ഘട്ട പട്ടികയിൽ രണ്ട് വനിതാ സ്ഥാനാർത്ഥികളും ഇടം പിടിച്ചു.
ശിവഗംഗയിൽ നിന്ന് ഡോ.ദേവനാഥൻ യാദവ്, തിരുവള്ളൂരിൽ നിന്ന് പൊൻ വി ബാലഗണപതി, ചെന്നൈ നോർത്തിൽ നിന്ന് ആർ.സി പോൾ കനകരാജ് എന്നിവരാണ് ബിജെപി സ്ഥാനാർത്ഥികളായി മത്സരിക്കുക. എ. അശ്വഥാമൻ (തിരുവണ്ണാമല), കെ.പി രാമലിംഗം (നാമക്കൽ), എ.പി മുരുകാനന്ദം (തിരുപ്പൂർ), കെ. വസന്തരാജൻ (പൊള്ളാച്ചി), വി.വി സെന്തിൽനാഥൻ (കരൂർ), പി. കാർത്ത്യായനി (ചിദംബരം), എസ്.ജി.എം രമേഷ് (നാഗപട്ടണം), എം. മുരുകാനന്ദം (തഞ്ചാവൂർ), പ്രൊഫ. രാമ ശ്രീനിവാസൻ (മധുര), ബി. ജോൺ പാണ്ഡ്യൻ (തെങ്കാശി), രാധിക ശരത്കുമാർ (വിരുദുനഗർ) എന്നിവരാണ് ബിജെപിയുടെ മറ്റു സ്ഥാനാർത്ഥികൾ.
പുതുച്ചേരി ലോക്സഭാ മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ ലോക്‌സഭിലേക്ക് ജനവിധി തേടുന്നത് എ. നമശ്ശിവായമാണ്. എൻ. രംഗസ്വാമി സർക്കാരിന്റെ കീഴിലുള്ള മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്. വിരുദനഗറിൽ നിന്ന് മത്സരിക്കുന്ന രാധിക ശരത് കുമാർ നടനും അഖിലേന്ത്യ സമത്വമക്കൾ കക്ഷി (എഐഎസ്എംകെ)നേതാവുമായ ശരത് കുമാറിന്റെ ഭാര്യയാണ്. മാർച്ച് 12ന് എഐഎസ്എംകെ ബിജെപിയിൽ ലയിച്ചിരുന്നു.
ഇന്നലെ 9 സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. കോയമ്പത്തൂരിൽ നിന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈയാണ് മത്സരിക്കുക. ചെന്നൈ സൗത്തിൽ മുൻ തെലങ്കാന ഗവർണറും പുതുച്ചേരി ലെഫ്. ഗവർണറുമായിരുന്ന തമിഴിസൈ സൗന്ദരരാജനും നീലഗിരിയിൽ കേന്ദ്ര സഹമന്ത്രി എൽ. മുരുകനും കന്യാകുമാരിയിൽ മുതിർന്ന നേതാവ് പൊൻ രാധാകൃഷ്ണനും മത്സരിക്കും. തൂത്തുക്കുടിയിൽ കനിമൊഴിക്കെതിരെ നൈനാർ നാഗേന്ദ്രനെയാണ് ബിജെപി സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. സംസ്ഥാനത്തെ 39 സീറ്റുകളിൽ 20 ഇടത്ത് മത്സരിക്കാനാണ് പാർട്ടി തീരുമാനം. 19 ഇടത്ത് സഖ്യകക്ഷികൾ മത്സരിക്കും.















