ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരേ സമയം രണ്ട് വള്ളത്തിൽ കാല് വയ്‌ക്കുന്ന ആളാണെന്നും, നിലപാട് ഇല്ലാത്ത ആളാണെന്നുമുള്ള പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കെജ്‌രിവാളിന്റെ കുടുംബത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാഹുൽ, തെലങ്കാനയിൽ പറഞ്ഞത് ഡൽഹി മുഖ്യമന്ത്രി അഴിമതിക്കാരനാണ് എന്നാണെന്നും സ്മൃതി ഇറാനി പരിഹസിച്ചു.
” രാഹുൽ ഒരേ വിഷയത്തിൽ നിന്ന നിൽപ്പിൽ നിലപാട് മാറ്റുന്ന ആളാണ്. അതിന് ഒരു ഉദാഹരണം പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. 2023 ജൂലൈ 2ന് തെലങ്കാനയിൽ അദ്ദേഹം പ്രസംഗിച്ചത് കെസിആറും അരവിന്ദ് കെജ്‌രിവാളും അഴിമതിക്കാരാണെന്നാണ്. ഇത് എല്ലാ ഏജൻസികൾക്കും അറിയാമെന്നും രാഹുൽ അവകാശപ്പെട്ടിരുന്നു. ഗോവ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ആംആദ്മി അഴിമതി പണം ഉപയോഗിച്ചെന്നാണ് അജയ് മാക്കൻ പറഞ്ഞത്.
രാഹുൽ ഗാന്ധിയുടെ യഥാർത്ഥ മുഖം ഏതാണ്? തെലങ്കാനയിൽ പറഞ്ഞതോ അതോ ഡൽഹിയിൽ പറഞ്ഞതോ?. 2022 ജൂൺ 3ന് കോൺഗ്രസ് മദ്യനയ അഴിമതിയെക്കുറിച്ച് ഡൽഹി പൊലീസിന് കത്തെഴുതിയിരുന്നു. ഇനി അവർ തന്നെ പറയട്ടെ, ആദ്യം പറഞ്ഞതാണോ അതോ ഇപ്പോൾ പറയുന്നതാണോ സത്യമെന്ന്. ആം ആദ്മി പാർട്ടി അഴിമതിപ്പണം ഉപയോഗിച്ചുവെന്ന് പല തവണയായി കോൺഗ്രസ് നേതാക്കൾ പരാതിപ്പെട്ടിട്ടുണ്ട്.
കെജ്‌രിവാളിനെ പോലെ ഉയർന്ന ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ഒരാൾ ഭരണസംവിധാനത്തെ എപ്രകാരം ദുരുപയോഗം ചെയ്തുവെന്നതിന്റെ എല്ലാ തെളിവുകളും ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. എഎപി അദ്ധ്യക്ഷൻ വിജയ് നായരുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട ചില മദ്യവ്യവസായികളാണ് ഇപ്പോൾ റദ്ദാക്കിയ ഡൽഹി മദ്യനയം രൂപീകരിച്ചതെന്ന് കോടതിയിൽ പറഞ്ഞപ്പോൾ കെജ്‌രിവാളിന്റെ അഭിഭാഷകർ അക്കാര്യം എതിർത്തില്ലെന്നും” സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി