ന്യൂഡൽഹി: ദക്ഷിണ ചൈനാ കടലിൽ വർദ്ധിച്ച് വരുന്ന ചൈന-ഫിലിപ്പീൻസ് സംഘർഷങ്ങൾക്കിടെ ഫിലിപ്പീൻസിന് പിന്തുണ അറിയിച്ച് ഇന്ത്യ. മനിലയിൽ ഫിലിപ്പീൻസ് വിദേശകാര്യമന്ത്രി എൻറിക് മനാലോയുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്കിടെയാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരം ഉയർത്തിപ്പിടിക്കാനുള്ള എല്ലാവിധ ശ്രമങ്ങൾക്കും പൂർണ പിന്തുണ ഉണ്ടാകുമെന്നാണ് ജയശങ്കർ അറിയിച്ചത്.
ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ കടന്നുകയറ്റത്തിനെതിരെ ചൈനീസ് അംബാസിഡറെ വിളിച്ചുവരുത്തി ഫിലിപ്പീൻസ് പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് ഇരു നേതാക്കളുടേയും കൂടിക്കാഴ്ച നടന്നത്. മേഖലയുടെ 90 ശതമാനം ഭാഗത്തിനാണ് ചൈന അവകാശവാദം ഉന്നയിച്ചത്. ചൈനയുടെ ഈ അവകാശവാദത്തിനെതിരെ അമേരിക്കയും കഴിഞ്ഞ ആഴ്ച രംഗത്തെത്തിയിരുന്നു. ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ അപകടകരമായ നടപടിയെന്നാണ് അമേരിക്ക ഇതിനെ വിശേഷിപ്പിച്ചത്.
ഫിലിപ്പീൻസിന്റെ പരമാധികാരം ഉയർത്തിപ്പിടിക്കാൻ ഇന്ത്യയുടെ ഭാഗത്ത് നിന്നും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ജയശങ്കർ ആവർത്തിച്ചു. 1982ലെ ‘യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ഓൺ ദി ലോ ഓഫ് ദ സീ’ എന്നതിന്റെ പ്രാധാന്യത്തിനും അദ്ദേഹം ഊന്നൽ നൽകി. ഓരോ രാജ്യങ്ങളും ഇത് പൂർണമായി പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.















